ഐപിഎല്‍ പഴയ ഐപിഎല്‍ ആവില്ല; സ്ട്രീമിംഗ് 4K നിലവാരത്തിലേക്ക്

0
150

മുംബൈ: ഐപിഎല്‍ 2023 സീസണ്‍ ആരാധകർക്ക് കൂടുതല്‍ ദൃശ്യ വിരുന്നാകും. ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയ ജിയോ-സ്പോർട്സ് 18ന് 4K നിലവാരത്തില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ബിസിസിഐ അനുമതി നല്‍കിയതോടെയാണിത്. ഇതാദ്യമായാണ് ഐപിഎല്‍ മത്സരങ്ങള്‍ 4Kയില്‍ ആരാധകർക്ക് മുന്നിലേക്കെത്തുന്നത്. ഇതുവരെ ഹോട്സ്റ്റാറിലൂടെ എച്ച്ഡി(1080p HD video) നിലവാരത്തിലാണ് മത്സരങ്ങള്‍ സ്ട്രീമിംഗ് ചെയ്തിരുന്നത്. ഓദ്യോഗിക പ്രഖ്യാപനം ഉടന്‍തന്നെ സ്പോർട്സ് 18 വഴിയുണ്ടായേക്കും എന്നും ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ടില്‍ പറയുന്നു.

ഐപിഎല്‍ മത്സരങ്ങള്‍ 4Kയില്‍ കാണിക്കാന്‍ സ്പോർട്സ് 18 വലിയ സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയതായാണ് റിപ്പോർട്ട്. 16ഓ 17ഓ ഭാഷകളില്‍ ഐപിഎല്‍ കമന്‍ററി എത്തിക്കാനും ജിയോയ്ക്ക് പദ്ധതിയുണ്ട്. ഇങ്ങനെ വന്നാല്‍ പ്രാദേശിക ഭാഷകളില്‍ കൂടുതല്‍ പേരിലേക്ക് മത്സരങ്ങള്‍ എത്തിക്കാനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ഖത്തറിലെ ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ജിയോ 4Kയില്‍ സംപ്രേഷണം ചെയ്തിരുന്നു.

2023-2027 കാലയളവിലേക്കുള്ള സംപ്രേഷണവകാശം സ്റ്റാർ സ്പോർട്സും വയാകോമും ടൈംസ് ഇന്‍റര്‍നെറ്റും(ഓവര്‍സീസ്) ചേര്‍ന്നാണ് സ്വന്തമാക്കിയത്. മൂന്ന് ദിവസങ്ങളിലായി നടത്തിയ ഇ-ലേലത്തിലൂടെ ആകെ 48,390.52 കോടി രൂപ ടിവി, ഡിജിറ്റല്‍ സംപ്രേഷണാവകാശം വിറ്റതിലൂടെ ബിസിസിഐയുടെ അക്കൗണ്ടിലെത്തി. 23,575 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത്. 20,500 കോടി രൂപക്ക് വയാകോം ഡിജിറ്റല്‍ സംപ്രേഷണവകാശം നേടി. 18 നോണ്‍ എസ്ക്ലൂസിവ് മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണവകാശത്തിനായി വയാകോം 3,258 കോടി രൂപ കൂടി നല്‍കണം. ഓവര്‍സീസ് സംപ്രേഷണ അവകാശത്തിനായി 1057 കോടി രൂപ വയാകോമും ടൈംസ് ഇന്‍റര്‍നെറ്റും കൂടി മുടക്കി.

LEAVE A REPLY

Please enter your comment!
Please enter your name here