ഐപിഎല്‍ മാര്‍ച്ച് 31 മുതല്‍; ആദ്യ മത്സരം ഗുജറാത്തും ചെന്നൈയും തമ്മില്‍, ഇക്കുറി പുതിയ വേദികള്‍

0
629

മുംബൈ: ഐപിഎല്‍ 2023 സീസണിന് മാര്‍ച്ച് 31ന് അഹമ്മദാബാദില്‍ തുടക്കമാകും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തോടെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിന് തുടക്കമാവുക. ടൈറ്റന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയും സിഎസ്‌കെയെ എം എസ് ധോണിയുമാണ് നയിക്കുക. 2019ന് ശേഷം ഇന്ത്യയില്‍ ഹോം-എവേ ശൈലിയിലേക്ക് തിരിച്ചെത്തുകയാണ് ഐപിഎല്‍. വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍ കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്ലിന് തുടക്കമാവുക. മെയ് 28ന് ഐപിഎല്‍ കലാശപ്പോരിനും അഹമ്മദാബാദ് സ്റ്റേഡിയമാവും വേദിയാവുക.

പതിവില്‍ നിന്ന് വ്യത്യസ്ഥമായി 12 നഗരങ്ങളിലായാണ് ഇത്തവണ ഐപിഎല്‍. അഹമ്മദാബാദിന് പുറമെ, ലഖ്‌നൗ, ഗുവാഹത്തി, മൊഹാലി, ദില്ലി, കൊല്‍ക്കത്ത, ജയ്‌പൂര്‍, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, ധരംശാല എന്നിവ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വേദിയാവും. ഇവയില്‍ ഗുവാഹത്തി രാജസ്ഥാന്‍ റോയല്‍സിന്‍റെയും ധരംശാല പഞ്ചാബ് കിംഗ്‌സിന്‍റേയും രണ്ടാം ഹോം വേദിയാണ്.

ഐപിഎല്ലിന്‍റെ ഉദ്‌ഘാട മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും നാല് തവണ ജേതാക്കളായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് മുഖാമുഖം വരിക. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മാര്‍ച്ച് 31ന് ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 12 വേദികളിലായി ആകെ 70 ലീഗ് മത്സരങ്ങള്‍ നടക്കും. ഇതില്‍ 18 ദിനങ്ങളില്‍ രണ്ട് മത്സരം വീതമുണ്ട്. ലീഗ് ഘട്ടത്തില്‍ എല്ലാ ടീമികളും ഏഴ് വീതം ഹോം, എവേ മത്സരങ്ങള്‍ കളിക്കും. മെയ് 21ഓടെ ലീഗ് ഘട്ടം അവസാനിക്കുമ്പോള്‍ 28-ാം തിയതി അഹമ്മദാബാദിലാണ് ഫൈനല്‍.

ഐപിഎല്ലില്‍ മത്സര രീതിയിലും ഇത്തവണ വ്യത്യാസമുണ്ട്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങള്‍. ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ടീമുകളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ വരുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഗുജറാത്ത് ടൈറ്റന്‍സുമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here