ജഡേജയ്ക്ക് പത്ത് വിക്കറ്റ്! മൂന്നാംപക്കം ഓസീസിനെ തീര്‍ത്തു; ദില്ലി ടെസ്റ്റില്‍ ഇന്ത്യയുടെ ജയം ആറ് വിക്കറ്റിന്

0
156

ദില്ലി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 115 റണ്‍സുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല.

ഭൂചലനം മുൻകൂട്ടി അറിഞ്ഞ് പക്ഷിമൃഗാദികൾ ; തുർക്കിയിൽ ഭൂചലനത്തിന് തൊട്ട് മുൻപ് സംഭവിച്ചത്

115 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് തുടക്കം അത്ര മികച്ചതായിരുന്നില്ല. കെ എല്‍ രാഹുലിനെ (1) ആദ്യം തന്നെ ഇന്ത്യക്ക് നഷ്ടമായി. നേഥന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്. മൂന്നാമതെത്തിയ ചേതേശ്വര്‍ പൂജാര (പുറത്താവാതെ 31)- രോഹിത്തിനൊപ്പം (31) ചേര്‍ന്ന് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് കരുതി. എന്നാല്‍ ക്യാപ്റ്റന്‍ റണ്ണൗട്ടായത് തിരിച്ചടിയായി. വിരാട് കോലിയെ (20) ടോഡ് മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ശ്രേയസ് അയ്യര്‍ക്ക് 10 പന്ത് മാത്രമായിരുന്നു ആയുസ്. 12 റണ്‍സെടുത്ത താരത്തെ മര്‍ഫി കുടുക്കി. പിന്നീട് പൂജാര- ഭരത് (23) സഖ്യം അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

മൂന്നാംദിനം ആരംഭിക്കുമ്പോള്‍ ഒന്നിന് 61 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഓസീസ്. ആറ് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് നഷ്ടമായിരുന്നത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഖവാജ. ഇന്ന് 34 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ കൂടി ഓസീസിന് നഷ്ടമായി. ആക്രമിച്ച് കളിച്ചിരുന്ന ട്രാവിഡ് ഹെഡ് (46 പന്തില്‍ 43) ഇന്ന് ആദ്യ ഓവറില്‍ തന്നെ മടങ്ങി. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് ക്യാച്ച്. ഒമ്പത് റണ്‍സ് മാത്രമെടുത്ത സ്റ്റീവന്‍ സ്മിത്തിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത മര്‍നസ് ലബുഷെയ്‌നിന്റെ (35) ഊഴമായിരുന്നു.

ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി

ജഡേജയുടെ ക്വിക്കറില്‍ ലബുഷെയ്ന്‍ ബൗള്‍ഡായി. ഡേവിഡ് വാര്‍ണര്‍ക്ക് പകരം കണ്‍ക്കഷന്‍ സബ്ബായി എത്തിയ മാറ്റ് റെന്‍ഷ്വൊയ്ക്ക് എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പീറ്റര്‍ ഹാന്‍ഡ്‌കോംപ് (0), പാറ്റ് കമ്മിന്‍സ് (0) എന്നിവരെ രവീന്ദ്ര ജഡേജ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. ഹാന്‍ഡ്‌കോംപ്, വിരാട് കോലിക്ക് ക്യാച്ച് നല്‍കി. ശേഷിക്കുന്ന നാല് വിക്കറ്റുകളും ജഡേജ പിഴുതെടുത്തു. നേഥന്‍ ലിയോണ്‍ (8), അലക്‌സ് ക്യാരി (7), പാറ്റ് കമ്മിന്‍സ് (0), മാര്യൂ കുനെമാന്‍ (0) എന്നിവരാണ് ജഡേജയ്ക്ക് മുന്നില്‍ വിക്കറ്റ് തെറിച്ച് മടങ്ങിയത്.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 263 റണ്‍സിന് മറുപടിയായി ക്രീസിലിറങ്ങിയ ഇന്ത്യ 262 റണ്‍സിന് ഓള്‍ ഔട്ടായിയിരുന്നു. രണ്ടാം ദിനം ലഞ്ചിന് ശേഷം 139-7ലേക്ക് കൂപ്പുകുത്തിയശേഷം എട്ടാം വിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിനും അക്‌സര്‍ പട്ടേലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് വന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സടിച്ച് മികച്ച ഒന്നാം ഇന്നിംഗ്‌സ് ലീഡെന്ന ഓസീസ് മോഹങ്ങള്‍ ബൗണ്ടറി കടത്തി. കൂട്ടുകെട്ട് പൊളിക്കാന്‍ വഴി കാണാതിരുന്ന ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഒടുവില്‍ രണ്ടാം ന്യൂ ബോള്‍ എടുത്തതാണ് കളിയില്‍ വഴിത്തിരിവായത്. ന്യൂബോള്‍ എടുത്ത് 3.3 ഓവറിനുള്ളില്‍ ഇന്ത്യ ഓള്‍ഔട്ടായി. 74 റണ്‍സെടുത്ത അക്‌സറായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോലി (44), രോഹിത് (32), അശ്വിന്‍ (37) എന്നിവര്‍ നിര്‍ണായ പ്രകടനം പുറത്തെടുത്തിരുന്നു. ലിയോണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസിനെ ഉസ്മാന്‍ ഖവാജ (81), പീറ്റര്‍ ഹാന്‍ഡ്‌കോംപ് (72) എന്നിവരാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here