‘ആ കുഞ്ഞ് എല്ലാവരുടെയും’: ഗർഭസ്ഥ ശിശുവിനായി കോടതിയിൽ 40 മിനിറ്റ് ചർച്ച

0
171

ന്യൂഡൽഹി ∙ അസാധാരണമായ ചർച്ചയാണു വ്യാഴാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അടച്ചിട്ട ചേംബറിൽ നടന്നത്. ഒരു ഗർഭസ്ഥ ശിശുവായിരുന്നു വിഷയം. ഗർഭച്ഛിദ്രത്തിന് അനുമതി തേടി 20 വയസ്സുള്ള അവിവാഹിതയായ എൻജിനീയറിങ് വിദ്യാർഥിനി കോടതിയെ സമീപിച്ചപ്പോഴാണ്, ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പറ്റി ജഡ്ജിമാരും അഭിഭാഷകരും ഗൗരവമായി സംസാരിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഗർഭം 29 ആഴ്ച പിന്നിട്ടതിനാൽ, ഗർഭച്ഛിദ്രം നടത്തുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് എയിംസിലെ വിദഗ്ധ സമിതി പറഞ്ഞിരുന്നു. യുവതിയുടെ വീട്ടുകാർക്ക് ഇക്കാര്യം അറിയാത്തത് കണക്കിലെടുത്തും വിദ്യാർഥിയുടെ സ്വകാര്യത മാനിച്ചും അടച്ചിട്ട ചേംബറിലായിരുന്നു വാദപ്രതിവാദം നടന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ജെ.ബി.പർദിവാല എന്നിവരാണു കേസ് പരിഗണിച്ചത്.

സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡിഷനൽ സോളിസിറ്റർ ജനറൽ ‌ഐശ്വര്യ ഭാട്ടി എന്നിവരെ ചീഫ് ജസ്റ്റിസ് ചേംബറിലേക്കു വിളിപ്പിച്ചു. ചർച്ച 40 മിനിറ്റോളം നീണ്ടു. കുഞ്ഞിനെ ദത്തെടുക്കണമെന്നു താനൊരിക്കൽ ആഗ്രഹിച്ചിരുന്നെന്നും അനാഥക്കുഞ്ഞ് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും തുഷാർ മേത്ത പറഞ്ഞു. ഗർഭസ്ഥശിശു ജനിച്ചുകഴിഞ്ഞാൽ നിയമപ്രകാരം ദത്തെടുക്കാൻ ദമ്പതികൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഭിന്നശേഷിക്കാരായ രണ്ടു പെൺകുട്ടികളെ ദത്തെടുത്ത് വളർത്തുന്ന ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിഷയത്തെ വൈകാരികമായാണു സമീപിച്ചത്. തന്റെ വീട്ടിൽ ഇക്കാര്യം സംസാരിച്ചെന്നും ഗർഭസ്ഥ ശിശുവിനായി അടിയന്തരമായി നൽകേണ്ട കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് പ്രകാരം വിദ്യാർഥിനിയുമായി നിരന്തരബന്ധം പുലർത്തുന്ന ഐശ്വര്യ ഭാട്ടി, ആവശ്യമെങ്കിൽ കുട്ടിയെ തനിക്കൊപ്പം നിർത്താമെന്ന് അറിയിച്ചു.

യുവതിയുടെ പ്രസവം, കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം തുടങ്ങിയവയ്ക്കു മുന്തിയ പരിഗണന നൽകണമെന്ന് എയിംസിനോടും സർക്കാരിനോടും കോടതി ഉത്തരവിട്ടു. ദത്തെടുക്കൽ നടപടികൾക്കായി ദമ്പതിമാരോടു റജിസ്റ്റർ ചെയ്യാൻ പറയണമെന്നു സോളിസിറ്റർ ജനറലിനോടു നിർദേശിച്ചു. സുപ്രീംകോടതി ഇടപെടലിനെ തുടർന്ന്, കുഞ്ഞിനെ പ്രസവിക്കാൻ തയാറാണെന്നു യുവതി അറിയിച്ചു. ജനുവരി 20ന് കേസ് പരിഗണിച്ചപ്പോൾ എയിംസിലെ ഡോക്ടർമാരുടെ സമിതി രൂപീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here