അടിപിടി, സ്ത്രീധനം, ബുള്ളറ്റ്; യുപിയിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ വിവാഹം വേണ്ടെന്ന് വെച്ചത് ഏഴ് സ്ത്രീകള്‍

0
197

ഇന്ത്യൻ പാരമ്പര്യത്തിൽ വിവാഹം വളരെ പവിത്രമായ ഒരു ചടങ്ങ് ആണെങ്കിലും ഇത്രയേറെ കമ്പോളവൽക്കരിക്കപ്പെട്ട മറ്റൊരു ചടങ്ങും കാണില്ല. പലപ്പോഴും വിവാഹ കമ്പോളത്തിൽ ചതിയിൽ പെടുന്നതും ഇരകളാക്കപ്പെടുന്നതും സ്ത്രീകളാണ്. നിരന്തരമായ ചൂഷണങ്ങൾക്ക് ഇരയാകുമ്പോഴും നിശബ്ദയായി സഹിക്കുന്ന സ്ത്രീയെയാണ് മുമ്പ് കണ്ടിരുന്നതെങ്കിൽ ഇന്ന് ആ സ്ഥിതി മാറി തുടങ്ങിയിട്ടുണ്ട് എന്നത് ഒരു ശുഭസൂചനയാണ്. വിവാഹത്തിനുമുൻപും വിവാഹ വേളയിലും വിവാഹത്തിനുശേഷവും നടക്കുന്ന സ്ത്രീധന വാക്ക്പോരുകളെ തുടർന്നും മറ്റ് നിരവധിയായ ചൂഷണം ചെയ്യപ്പെടലുകളെ തുടർന്നും ഉത്തർപ്രദേശിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ തീരുമാനിച്ച വിവാഹം വേണ്ടെന്ന് വയ്ക്കാൻ ധൈര്യം കാണിച്ചത് ഏഴ് യുവതികളാണ്. ഇവരിൽ വിവാഹവേദിയിൽ നിന്ന് തന്നെ ഇറങ്ങിപ്പോകാൻ ധൈര്യം കാണിച്ചവരും ഉൾപ്പെടുന്നു. അവയിൽ ചില സംഭവങ്ങൾ ഇങ്ങനെയാണ്;

വ്യക്തിത്വം പണയം വെച്ച് ഒരു കളി ഇനിയില്ല

സ്വന്തം വ്യക്തിത്വത്തിനും മാന്യതയ്ക്കും ഏൽക്കുന്ന അപമാനം ഏറെ മുറിപ്പെടുത്തുന്ന ഒന്ന് തന്നെയാണ്.  അത്തരത്തിൽ ഒരു കാരണവുമില്ലാതെ സ്വന്തം കുടുംബത്തെ കൂടി അപമാനത്തിന് വിട്ടുകൊടുക്കാൻ ആരായാലും ഒന്ന് മടിക്കും. വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയും അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളുമാണ് ഇത്തരത്തിൽ അപമാനിക്കുന്നതെങ്കിൽ അത് ക്ഷമിക്കാൻ ആർക്കായാലും കഴിഞ്ഞെന്നു വരില്ല. സമാനമായ ഒരു സംഭവമാണ് ഉന്നാവയിൽ ഉണ്ടായത്. വിവാഹത്തിനു മുമ്പുതന്നെ വരനും അയാളുടെ വീട്ടുകാരും വധുവിനെയും വധുവിന്റെ വീട്ടുകാരെയും അപമാനിച്ചതിനെ തുടർന്ന് വിവാഹവേദിയിൽ വച്ച് തന്നെ വരനും വധുവും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. പെൺകുട്ടി എല്ലാം സഹിച്ചുകൊണ്ട് വിവാഹ ജീവിതത്തിലേക്ക് കടന്നു വരുമെന്ന് കരുതിയ വരന്റെ വീട്ടുകാർക്ക് പക്ഷേ തെറ്റി. വിവാഹ വേദിയിൽ നിന്ന് തന്നെ അവൾ ഇറങ്ങിപ്പോയി. ഒപ്പം ആ വിവാഹം വേണ്ടെന്നും വെച്ചു.

ബുള്ളറ്റിന്റെ പേരിൽ ഉണ്ടായ കോലാഹലങ്ങൾ

ഹയാത്‌നഗറിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വരന്റെ സഹോദരനും വധുവിന്റെ സഹോദരനും തമ്മിലായിരുന്നു വഴക്കുകളുടെ തുടക്കം. തന്തൂരിൽ നിന്ന് റൊട്ടി എടുക്കുന്നതുമായ ബന്ധപ്പെട്ട് ആയിരുന്നു വഴക്കുകൾ ആരംഭിച്ചത്. വഴക്കുകൾ മൂർച്ഛിച്ച് ഒടുവിൽ കയ്യാങ്കളിയിലേക്ക് എത്തുകയും ഒടുവിൽ വിവാഹം നടക്കണമെങ്കിൽ റോയൽ എൻഫീൽഡ് ബുള്ളറ്റ് വാങ്ങിത്തരണമെന്ന് വരന്റെ വീട്ടുകാർ വധുവിന്റെ വീട്ടുകാരുടെ മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഒടുവിൽ പൊലീസിൻറെ കൂടി സഹായത്തോടെ അനുരഞ്ജന ശ്രമങ്ങൾ നടക്കുന്നതിനിടയിൽ വധു വിവാഹ വേദിയിൽ നിന്നും വിവാഹം വേണ്ടെന്നുവച്ച് ഇറങ്ങിപ്പോയി

വീണ്ടും വില്ലൻ ബുള്ളറ്റ്

എറ്റയിൽ വിവാഹദിവസം വരൻ തനിക്ക് ബുള്ളറ്റ് വാങ്ങി തരണമെന്ന് വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെടുന്നത് വരെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. വരന്റെ ആവശ്യം വധുവിന്റെ വീട്ടുകാർ നിഷേധിച്ചതോടെ തങ്ങൾ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്ന വാശിയിലായി വരനും കൂട്ടരും. ഒടുവിൽ പെൺകുട്ടി തന്നെ തീരുമാനിച്ചു തനിക്ക് ഈ വിവാഹം വേണ്ടെന്ന്. ഇതിനുപുറമേ വിവാഹ ആഘോഷങ്ങൾക്കായി തന്റെ വീട്ടുകാർക്ക് ചെലവായ അഞ്ചുലക്ഷം രൂപ മടക്കി തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വരന്റെ വീട്ടുകാർക്കെതിരെ പെൺകുട്ടി പൊലീസിൽ പരാതിയും നൽകി.

കള്ളക്കളി കയ്യോടെ പിടിച്ചു

ഗ്രേറ്റർ നോയിഡയിലെ ഹബീബ്പൂരിൽ വിവാഹത്തിന് ഏതാനും ദിവസങ്ങൾ മുൻപ് മാത്രമാണ് വധുവിന്റെ വീട്ടുകാർ വരൻ കൂടുതൽ സ്ത്രീധനം മോഹിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവുകയാണ് എന്ന് അറിഞ്ഞത്. എന്നാൽ വരന്റെ സ്ത്രീധന മോഹം കാരണം ആ വിവാഹം നടന്നില്ല. എന്നാൽ ഈ കാര്യം മറച്ചുവെച്ച് വീണ്ടും തന്നെ വിവാഹം കഴിക്കാനായി എത്തിയ സ്ത്രീധനമോഹിയായ ചതിയനോട് പെൺകുട്ടി രണ്ടാമത് ഒന്ന് ആലോചിക്കാതെ തന്നെ നോ പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യത മറച്ചുവെച്ച വരന് പണി കൊടുത്ത് വധു

ഉത്തർപ്രദേശിൽ ജനുവരി 22 -ന് നടന്ന മറ്റൊരു സംഭവത്തിൽ വരന്റെ കള്ളത്തരം വധു കയ്യോടെ പിടികൂടി. വിദ്യാഭ്യാസ യോഗ്യത മറച്ചുവെച്ചാണ് വരൻ വിവാഹാലോചന നടത്തിയതും വധുവിന്റെ സമ്മതം വാങ്ങിയതും. എന്നാൽ, വിവാഹത്തിന് ഏതാനും ദിവസങ്ങൾ മുൻപ് മാത്രമാണ് വധുവിന്റെ വീട്ടുകാർ വരൻ നിരക്ഷരനാണെന്ന കാര്യം അറിയുന്നത്. എന്നാൽ, ഇത് തുറന്നു സമ്മതിക്കാതിരുന്ന വരന് വധു വിവാഹ വേദിയിൽ വച്ചുതന്നെ 25000 രൂപ നൽകി തുടർന്ന് അതുതന്നെ കൃത്യമായി എണ്ണി കാണിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വരന് അത് സാധിച്ചില്ല എന്ന് മാത്രമല്ല തൻറെ നിരക്ഷരത തുറന്നു സമ്മതിക്കേണ്ടി വന്നു. അതോടെ വധു വിവാഹത്തിൽ നിന്നും പിന്മാറി.

വധുവിന്റെ വീട്ടിൽ പോകാൻ സമ്മതിക്കില്ലെന്ന് വരൻ

കാൺപൂരിലെ ബാര കാർഗിലിലെ അമിത് കത്യാർ എന്ന ചെറുപ്പക്കാരൻ തൻറെ വിവാഹ വേളയിൽ ഒരു പ്രഖ്യാപനം നടത്തി. വിവാഹശേഷം ഒരു വർഷത്തേക്ക് വധുവിനെ അവളുടെ സ്വന്തം വീട്ടിലേക്ക് പോകാൻ അനുവദിക്കില്ല എന്നായിരുന്നു പ്രഖ്യാപനം. ഇത് വീട്ടുകാർ തമ്മിൽ വാക്കു തർക്കത്തിന് ഇടയായി. ഒടുവിലവർ മകളെ വിളിച്ചുകൊണ്ട് വിവാഹത്തിൽ നിന്നും പിന്മാറി വീട്ടിലേക്ക് മടങ്ങിപ്പോയി.

LEAVE A REPLY

Please enter your comment!
Please enter your name here