ഒരു കോടി രൂപ നഷ്ടപരിഹാരം വേണം; ഡി.രൂപക്ക് രോഹിണി സിന്ദൂരിയുടെ വക്കീൽ നോട്ടീസ്

0
346

ബെംഗളൂരു: കർണാടകയിൽ ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി.രൂപയും ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും തമ്മിലുള്ള പോര് പുതിയ വഴിത്തിരിവിൽ. തന്റെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഡി.രൂപക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഹിണി സിന്ദൂരി വക്കീൽ നോട്ടീസയച്ചു. വിഷയത്തിൽ നിരാപാധികം മാപ്പ് പറയണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.

”താങ്കളുടെ പ്രസ്താവനകളും ആരോപണങ്ങളും ഞങ്ങളുടെ കക്ഷിക്ക് വലിയ മാനസിക സമ്മർദമാണ് സൃഷ്ടിച്ചത്. ആരോപണങ്ങൾ അവരുടെ സാമൂഹിക, വ്യക്തിജീവിതത്തിലെ പ്രതിച്ഛായക്ക് വലിയ കോട്ടമുണ്ടാക്കിയിട്ടുണ്ട്. ഞങ്ങളുടെ കക്ഷിക്കുണ്ടായ മാനഹാനി പണംകൊണ്ട് അളക്കാൻ കഴിയില്ലെങ്കിലും അത് പണത്തിലേക്ക് ചുരുക്കാൻ ഞങ്ങളുടെ കക്ഷി തീരുമാനിച്ചിരിക്കുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരമായി ഞങ്ങളുടെ കക്ഷിക്ക് നൽകാൻ നിങ്ങൾ ബാധ്യസ്ഥനാണ്”-നോട്ടീസിൽ പറയുന്നു.

സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്നാണ് രോഹിണി സിന്ദൂരിയുടെ ആവശ്യം. രൂപയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇക്കാര്യം പോസ്റ്റ് ചെയ്യണമെന്നും മാധ്യമങ്ങളുമായി പങ്കുവെക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രൂപ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും തനിക്കെതിരായ മറ്റു പോസ്റ്റുകളും ഡിലീറ്റ് ചെയ്യണമെന്നും നോട്ടീസിൽ പറയുന്നു.

സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ പോര് പരസ്യമായതോടെ സർക്കാർ ഇരുവരെയും പദവികളിൽനിന്ന് നീക്കിയിരുന്നു. രോഹിണി സിന്ദൂരി ദേവസ്വം കമ്മീഷണറും ഡി.രൂപ കർണാടക കരകൗശല വികസന കോർപറേഷൻ എം.ഡിയുമായിരുന്നു.

മൈസൂരുവിലെ ജെ.ഡി.എസ് എം.എൽ.എ സാരാ മഹേഷുമൊത്ത് രോഹിണി സിന്ദൂരി റെസ്‌റ്റോറന്റിലിരിക്കുന്ന ചിത്രം ഡി.രൂപ പുറത്തുവിട്ടതോടെയാണ് ഉദ്യോഗസ്ഥ പോര് പുതിയ തലങ്ങളിൽ എത്തിയത്. മൈസൂരു ഡെപ്യൂട്ടി കമ്മീഷണറായിരുന്ന സമയത്ത് കനാൽ കയ്യേറി എം.എൽ.എ കൺവെൻഷൻ സെന്റർ നിർമിച്ചെന്ന് കാണിച്ച് രോഹിണി സിന്ദൂരി നോട്ടീസ് നൽകിയിരുന്നു. എം.എൽ.എ നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കുമ്പോൾ നടത്തിയ കൂടിക്കാഴ്ച അനുരഞ്ജന ചർച്ചയെന്നാണ് ഡി.രൂപയുടെ വാദം.

മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർ രോഹിണി അടച്ചുനൽകിയ ചിത്രങ്ങളാണെന്ന് അവകാശപ്പെട്ടാണ് രോഹിണിയുടെ സ്വകാര്യ ചിത്രങ്ങൾ ഡി.രൂപ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്നാൽ സമൂഹമാധ്യ അക്കൗണ്ടുകളിൽനിന്നും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽനിന്നും സ്‌ക്രീൻഷോട്ടെടുത്ത ചിത്രങ്ങളാണ് രൂപ പങ്കുവെച്ചതെന്നാണ് രോഹിണി സിന്ദൂരിയുടെ വാദം. ആർക്കൊക്കെയാണ് താൻ ഫോട്ടോ അയച്ചുകൊടുത്തതെന്ന് രൂപ വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here