പരീക്ഷകളില്‍ ഹിജാബ് ധരിച്ചെത്താന്‍ അനുമതി വേണമെന്ന ഹരജി പരിഗണിക്കുമെന്ന് സുപ്രീം കോടതി

0
197

ന്യൂഡല്‍ഹി: കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയില്‍. വിദ്യാര്‍ഥിനികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹിജാബ് നിരോധന വിഷയത്തില്‍ സുപ്രീം കോടതിയുടെ ഭിന്ന വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒമ്പത് മുതല്‍ ആരംഭിക്കുന്ന പരീക്ഷകള്‍ക്ക് ഹിജാബ് ധരിച്ചു കൊണ്ട് വിദ്യാര്‍ഥിനികള്‍ക്ക് ഹാജരാകാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ശിരോവസ്‌ത്രം ധരിച്ചാല്‍ വിദ്യാര്‍ഥിനികളെ പരീക്ഷ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും അതിനാല്‍ വിഷയത്തിന്‍മേലുള്ള ഹര്‍ജികള്‍ തിങ്കളാഴ്‌ചയോ വെള്ളിയാഴ്‌ചയോ ലിസ്റ്റ് ചെയ്യുമെന്നും അഭിഭാഷകന്‍ ഷദന്‍ ഫറസത്ത് പറഞ്ഞു. ഹിജാബ് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിയെ തുടര്‍ന്ന് ചില വിദ്യാര്‍ഥിനികള്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറി. എന്നാല്‍ അവര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തന്നെ പരീക്ഷക്ക് ഹാജരാകണം എന്നിരിക്കെ ഹിജാബ് പരീക്ഷ ഹാളില്‍ അനുവദിച്ചില്ലെങ്കില്‍ വിദ്യാര്‍ഥിനികളുടെ ഒരു വര്‍ഷം കൂടി നഷ്‌ടമാകുമെന്നും ഫറസത്ത് ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.

ഹിജാബ് നിരോധന വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി ഭിന്ന വിധിയായതിനാല്‍ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ഇപ്പോഴും നിലനില്‍ക്കുകയാണ്. വിഷയത്തില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് രണ്ട് ജഡ്‌ജിമാരും വിഷയം വിശാല ബെഞ്ചിന് മുമ്പാകെ വയ്‌ക്കാന്‍ നിര്‍ദേശിച്ചു.

കേസില്‍ വിധി പറയുന്നതിന് മൂന്നംഗ ബെഞ്ച് രൂപീകരിക്കുന്ന വിഷയം പരിഗണിക്കുമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും മൂന്നംഗ ബെഞ്ച് രൂപീകരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here