അന്ന് പറഞ്ഞു: പൈലറ്റും എസ്കോർട്ടും വേണ്ട; ഇന്ന് സഞ്ചാരം കാക്കിപ്പടക്കൂട്ടിൽ

0
177

തിരുവനന്തപുരം∙ ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറിയ സമയത്ത് താനുൾപ്പെടെയുള്ള മന്ത്രിമാർ പൈലറ്റും എസ്കോർട്ടും ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് ഏർപ്പെടുത്തുന്നത് ചരിത്രത്തിൽ ഇതുവരെയില്ലാത്ത സുരക്ഷ. സുരക്ഷയുടെ പേരിൽ രാഷ്ട്രീയ എതിരാളികളെ വിമർശിച്ചിരുന്ന ഇടതു നേതാക്കളാണ് ഇപ്പോൾ കനത്ത സുരക്ഷയുടെ തണലിൽ സഞ്ചരിക്കുന്നത്. സെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സുരക്ഷ നിശ്ചയിക്കുന്നത്. നന്ദാവനം ജംക്‌ഷനിൽനിന്ന് ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കുള്ള വഴിയിലും വസതിയിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. നിരവധി സുരക്ഷാ ക്യാമറകളുമുണ്ട്.

ഔദ്യോഗിക വസതിയിലേക്കുള്ള വഴിയിൽ ചെക്കിങ് പോയിന്റുകളും നിശ്ചിത ഇടവേളകളിൽ പൊലീസ് പട്രോളിങുമുണ്ട്. മുഖ്യമന്ത്രി ഔദ്യോഗിക വസതിയിൽനിന്ന് സെക്രട്ടേറിയറ്റിലേക്കെത്തുന്നതിനു മുൻപായി പ്രധാന വഴികളിൽനിന്ന് വാഹനങ്ങളെ ഒഴിപ്പിക്കും. ഇടറോഡുകളിൽ പൊലീസ് സംഘത്തിന്റെ കാവലും നൂറു മീറ്റർ ഇടവേളകളിൽ പൊലീസുകാരുമുണ്ടാകും. മുഖ്യമന്ത്രി വസതിയിൽനിന്ന് സെക്രട്ടേറിയറ്റിലെത്തുന്നതുവരെയും തിരികെ പോകുമ്പോഴും സാധാരണക്കാരുടെ വാഹനങ്ങൾ പൊലീസ് നിയന്ത്രണത്തിൽ കുരുങ്ങിക്കിടക്കുന്നത് തലസ്ഥാനത്തെ പതിവു കാഴ്ചയാണ്.

2022 ജൂണിലാണ് മുഖ്യമന്ത്രിക്കായി കിയ കാർണിവൽ കാർ വാങ്ങിയത്. ഇതിനു പുറമേ മൂന്നു കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾ മുഖ്യമന്ത്രിയുടെ യാത്രയ്ക്കും പൈലറ്റ് എസ്കോർട്ട് ഡ്യൂട്ടിക്കുമായി ഉണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ വ്യൂഹത്തിൽ അഡ്വാൻസ് പൈലറ്റ്, പൈലറ്റ്, എസ്കോർട്ട് 1, എസ്കോർട്ട് 2, ആംബുലൻസ്, സ്പെയർ വാഹനം, സ്ട്രൈക്കർ ഫോഴ്സ് എന്നിവയാണുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ആവശ്യപ്രകാരമാണ് അഡ്വാൻസ് പൈലറ്റ് നൽകിയത്. സുരക്ഷാ റിപ്പോർട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് വാഹനങ്ങളിലും സുരക്ഷയിലും വ്യത്യാസമുണ്ടാകും.

എസ്കോർട്ട് വാഹനങ്ങളിൽ പരിശീലനം ലഭിച്ച ആയുധാരികളായ കമാൻഡോകളുണ്ടാകും. പൈലറ്റ് വാഹനങ്ങളിൽ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനു കീഴിൽ പൊലീസുകാർ. പ്രതിഷേധമുണ്ടാകുമ്പോൾ 25 അംഗ ദ്രുതകർമസേനയും അനുഗമിക്കും. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ സാഹചര്യം കണക്കിലെടുത്ത് 50 ഉദ്യോഗസ്ഥർവരെയുണ്ടാകും. തലസ്ഥാനത്തിനു പുറത്തേക്ക് പോകുമ്പോൾ ഓരോ സ്ഥലത്തെയും സിഐയുടെ നേതൃത്വത്തിൽ മുൻകൂറായി റോഡ് ക്ലിയർ ചെയ്യും. ഡിവൈഎസ്പിക്കായിരിക്കും മേൽനോട്ടം.

ജില്ലകളിലെ പരിപാടികളുടെ സുരക്ഷാ ചുമതല എസ്പിക്കാണ്. മുഖ്യമന്ത്രി പോകുന്ന വഴിയിൽ 100 മീറ്റർ അകലത്തിൽ പൊലീസിനെ വിന്യസിക്കും. ഇടറോഡുകളിൽനിന്നുള്ള ഗതാഗതം നയന്ത്രിക്കും. വേദിയും പരിസരവും മണിക്കൂറുകൾക്ക് മുൻപ് പൊലീസ് നിയന്ത്രണത്തിലാകും. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും അഗ്നിശമനസേനയും സ്ഥലത്തുണ്ടാകും. മുഖ്യമന്ത്രിക്കും ഗവർണർക്കുമാണ് സംസ്ഥാനത്ത് സെഡ് പ്ലസ് സുരക്ഷയുള്ളത്.

∙ സുരക്ഷയുടെ വേലിക്കകത്ത് വിഎസ്

2006 ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായതോടെയാണ് ഇടതു മുഖ്യമന്ത്രിമാരുടെ സുരക്ഷ വലിയ രീതിയിൽ വർധിപ്പിക്കുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ നിയന്ത്രണത്തിലുള്ള ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി പ്രഭാത സവാരി നടത്തുന്നതു രാവിലെ ആറിനായിരുന്നു. നന്ദാവനം ആംഡ് റിസർവ് ക്യാംപിലെ ആറു പൊലീസുകാർ പുലർച്ചെ 5.15നു ക്ലിഫ് ഹൗസിലെത്തും. നടക്കുമ്പോൾ കൂടെ ഗൺമാൻ മാത്രം. മറ്റു പൊലീസുകാർ ട്രാക്കിലെ ആറു പോയിന്റുകളിൽ നിലയുറപ്പിക്കും. ഗ്രൗണ്ടിനു പുറത്ത് ഒരു ഫ്ലൈയിങ് സ്‌ക്വാഡും മ്യൂസിയം എസ്‌ഐയും സംഘവും വേറെയുണ്ടാകും.

മുഖ്യമന്ത്രിക്ക് ഗൺമാനു പുറമേ പരിശീലനം ലഭിച്ച കമാൻഡോകൾ എട്ടുപേരുണ്ടായിരുന്നു. ബോംബ് സ്‌ക്വാഡിൽ നിന്നു നാലു പേർ. കമാൻഡോകളിലെയും ബോംബ് സ്ക്വാഡിലെയും അംഗങ്ങളിൽ പകുതിപ്പേർ മുഖ്യമന്ത്രി എവിടെ പോയാലും കൂടെപ്പോകും. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കാവലിനു 13 പേർ വീതം രണ്ടു ഷിഫ്‌റ്റിലായി 26 പേർ. സ്‌ഥിരം പൈലറ്റ് ഡ്യൂട്ടിക്കായി മൂന്ന് എസ്‌ഐമാർ ഉൾപ്പെടെ 12 പേരും എസ്‌കോർട്ട് ഡ്യൂട്ടിക്കായി രണ്ട് എസ്‌ഐമാർ ഉൾപ്പെടെ പത്തുപേരും. മുഖ്യമന്ത്രിയുടെ ഓഫിസ് കാവലിനു രണ്ട് എസ്‌ഐമാർ ഉൾപ്പടെ ആറുപേർ വേറെ. മന്ത്രി ജി.സുധാകരൻ മാത്രം അക്കാലത്ത് പൈലറ്റും എസ്കോർട്ടും ഉപയോഗിച്ചില്ല.

∙ കരുണാകരനു മൂന്നു വാഹനങ്ങളുടെ സുരക്ഷ

മുഖ്യമന്ത്രിയായിരിക്കേ, വിദ്യാഭ്യാസ സമരത്തിന്റെ പശ്ചാത്തലത്തിൽ കെ.കരുണാകരന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. സമരക്കാർ കാർ തടയുമെന്ന ഭീഷണിയെ തുടർന്ന് കരുണാകരന്റെ കാറിനു മൂന്നു അകമ്പടി കാറുകൾ നൽകി. കമാൻഡോകൾ കയറിയ കാറിനു പുറമേ മുന്നിലും പിന്നിലും രണ്ടു പൊലീസ് വാഹനങ്ങൾ. കേരള മുഖ്യമന്ത്രി കെ.കരുണാകരന് ഡൽഹിയിൽ എസ്പിജിയും അന്നു സുരക്ഷ നൽകിയിട്ടുണ്ട്. എൽടിടിഇ ഭീഷണിയെ തുടർന്നായിരുന്നു ആ സുരക്ഷ. ദക്ഷിണേന്ത്യയിൽനിന്നുള്ള മുഖ്യമന്ത്രിമാർക്കെല്ലാം അക്കാലത്ത് സുരക്ഷ വർധിപ്പിച്ചതിന്റെ ഭാഗമായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here