ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് തിരിച്ചടി; വിചാരണക്കോടതി വീണ്ടും പരിഗണിക്കണമെന്ന് ഹൈക്കോടതി

0
142

മോഹൻലാലിനെതിരായ ആനകൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ ആവശ്യത്തിൽ വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി. കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സമാന ആവശ്യമുന്നയിച്ച് മോഹൻലാൽ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. മജിസ്ട്രേറ്റ് കോടതി ആറുമാസത്തിനകം തീരുമാനമെടുക്കണമെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികൾക്ക് പുനഃപരിശോധന ഹർജി നൽകാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹൻലാൽ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളിയത്.

ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ വിചാരണ കോടതി തള്ളിയതിനെതിരെ മോഹൻലാലും, കീഴ്ക്കോടതി ഉത്തരവിനെതിരെ സർക്കാരും നൽകിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബദറുദ്ദീന്റെ ഉത്തരവ്.

ചരിഞ്ഞ നാട്ടാനയുടെ കൊമ്പുകൾ കൈവശം വയ്ക്കുന്നത് വൈൽഡ് ലൈഫ് ആക്ടിന്റെ പരിധിയിൽ വരാത്തതിനാൽ തനിക്കെതിരായ കേസ് നിലനിൽക്കില്ലെന്നായിരുന്നു മോഹൻലാലിന്റെ വാദം. നാട്ടാനയുടെ കൊമ്പുകളാണ് മോഹൻലാൽ സൂക്ഷിച്ചതെന്നതിനാൽ നിയമലംഘനമുണ്ടായിട്ടില്ലെന്നാണ് സർക്കാരും വ്യക്തമാക്കിയത്. 2011ൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ട് ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തത്.

ആനക്കൊമ്പുകൾ കൈവശം വെക്കാൻ അനുമതി നൽകുന്ന ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നെന്നും, ഇതുപ്രകാരം 2015 ഡിസംബർ 16ന് സംസ്ഥാന സർക്കാർ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയെന്നുമാണ് മോഹൻലാലിന്റെ ഹർജിയിൽ പറയുന്നത്. സർട്ടിഫിക്കറ്റ് നൽകിയതിനാൽ കേസ് തുടരുന്നതിൽ അർഥമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിൻവലിക്കാൻ സർക്കാർ പെരുമ്പാവൂർ കോടതിയിൽ അനുമതി ഹർജി നൽകിയത്.

കേസ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ എ പൗലോസ്, പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു എന്നിവർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നിലവിലുണ്ടെന്ന കാരണത്താൽ പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സർക്കാരിന്റെ അപേക്ഷ തള്ളുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here