സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്നു; നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

0
138

കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനം കടുത്തചൂടിന്റെ പിടിയിലമർന്നു. മുൻകാലങ്ങളിൽ മാർച്ച് മാസത്തോടെയാണ് ചൂട് കൂടിത്തുടങ്ങുന്നതെങ്കിൽ ഫെബ്രുവരിയോടെതന്നെ ചൂട് കടുക്കുന്നതാണ് സമീപവർഷങ്ങളിൽ അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണ് ചൂട് കൂടുന്നതെന്നാണ് വിലയിരുത്തൽ.

ബുധനാഴ്ച കോഴിക്കോട് നഗരത്തിൽ 34.8 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയിൽ ജില്ലയിലെ കൂടിയ ചൂടാണിത്. തൃശ്ശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രിയാണ് വ്യാഴാഴ്ച സംസ്ഥാനത്ത് രേഖപ്പെടുത്തിയ കൂടിയ താപനില. ചൂടിനൊപ്പം ഉയർന്ന അന്തരീക്ഷ ആർദ്രതയുള്ളതാണ് തീരദേശസംസ്ഥാനമായ കേരളത്തിൽ പ്രശ്നം ഗുരുതരമാക്കുന്നത്.

ചൂട് കനത്തതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി മുന്നറിയിപ്പും മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. രാവിലെ പതിനൊന്നുമുതൽ മൂന്നുവരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, രോഗികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾ ഉച്ചസമയങ്ങളിൽ നേരിട്ട് ചൂടേൽക്കുന്ന കളികളിൽ ഏർപ്പെടരുത്.

നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ തുടങ്ങി പുറംജോലിയിൽ ഏർപ്പെടുന്നവർ ജോലിസമയം ക്രമീകരിക്കണം. നിർജലീകരണം ഒഴിവാക്കാൻ കായികാധ്വാനങ്ങളിൽ ഏർപ്പെടുന്നവർ ധാരാളമായി വെള്ളം കുടിക്കണം. മദ്യം, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ തുടങ്ങിയവ പകൽസമയത്ത് ഒഴിവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തണം. പരീക്ഷാഹാളുകളിലും വെള്ളം ലഭ്യമാക്കണം.

വെയിലത്തിറങ്ങുമ്പോൾ പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്. വെയിലത്ത് കുടയോ തൊപ്പിയോ ഉപയോഗിക്കാം. കടുത്ത ചൂട് മൃഗങ്ങളെയും വലയ്ക്കും.

ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻവിടുന്നതും വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കണമെന്നും അതോറിറ്റി നിർദേശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here