കോഴിക്കോട്: ലൗജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവയുടെ പേരില്‍ മുസ്‌ളീം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ചേഞ്ച് ( കാസ) എന്ന സംഘടനക്കെതിരെ പൊലീസില്‍ പരാതി. ജമാ അത്ത് ഇസ്‌ളാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഇസ്‌ളാമിക് ഓര്‍ഗനൈസേഷനാണ് കാസയുടെ വയനാട് ജില്ലാ ഭാരവാഹികള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
പുല്‍പ്പള്ളിയില്‍ വച്ച് കഴിഞ്ഞയാഴ്ചയിലാണ് കാസയുടെ പരിപാടി നടന്നത്. ചെറിയകുട്ടികള്‍ വരെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.കുട്ടികളില്‍ അടക്കം മുസ്ലിം സമുദായത്തെ കുറിച്ച് വലിയ തോതില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും വിദ്വേഷം പരത്തണമെന്ന ഉദ്ദേശ്യത്തോടെയും സംഘടിപ്പിച്ച പരിപാടിക്കും അതിന്റെ സംഘാടകര്‍ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്‌ഐഒ വയനാട് ജില്ലാ പ്രസിഡന്റ് എന്‍ എ മുനീബ് പുല്‍പള്ളി പൊലീസില്‍ പരാതി നല്‍കിയത്.
കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കുന്ന തരത്തില്‍ മുസ്‌ളീം സമുദായത്തിനെതിരെ വിദ്വഷ- വര്‍ഗീയ പ്രചരണങ്ങള്‍ നടത്തുന്ന സംഘടനയാണ് കാസയെന്ന്് പരാതിയില്‍ എസ് ഐ ഒ പറയുന്നു. ലൗ ജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ മുസ്ലിം സമുദായത്തിന് നേരെ വെറുപ്പ് ഉല്‍പാദിപ്പിക്കുന്നതിനായി രൂപപ്പെടുത്തി പ്രചരിപ്പിക്കുന്ന വ്യാജ നിര്‍മ്മിതികളാണ്. അത് കൊണ്ട് തന്നെ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്ന കാസക്കെതിരെ നിയമപരമായ നടപടിവേണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.