പ്ലാസ്റ്റിക് കവറില്‍ വെള്ളമൊഴിച്ച് തൂക്കിയാല്‍ ഈച്ച ശല്യം കുറയുമോ?

0
246

വീട്ടിലായാലും ഹോട്ടലുകളിലായാലും ചെറിയ ജ്യൂസ് സ്റ്റാള്‍- ബേക്കറി കട പോലുള്ളവയില്‍ ആയാലും ഈച്ചശല്യം വലിയൊരു പ്രശ്നമാണ്. ഈച്ചകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന അന്തരീക്ഷം വൃത്തിയില്ലായ്മയെ തന്നെയാണ് സൂചിപ്പിക്കുന്നത്. മിക്കവാറും ഇത്തരം സ്ഥലങ്ങളില്‍ ഇരുന്ന് ആളുകള്‍ ഭക്ഷണവും മറ്റും കഴിക്കാനും മടിക്കും.

ഒരുപക്ഷേ നമ്മുടെ അധികാരപരിധിയില്‍ വരുന്നയിടത്ത് വൃത്തിയുണ്ടാകാം. ഇതിനപ്പുറമുള്ള വൃത്തിഹീനമായ സ്ഥലങ്ങളാകാം ഈച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുന്നത്. എന്നാല്‍ ഈച്ചശല്യം നമ്മളെും ബാധിക്കാം.

പലയിടത്തും ഇത്തരത്തില്‍ ഈച്ചശല്യം രൂക്ഷമാകുമ്പോള്‍ ഇതൊഴിവാക്കുന്നതിനായി പ്ലാസ്റ്റിക് കവറില്‍ വെള്ളം നിറച്ച് കെട്ടിത്തൂക്കാറുണ്ട്. ചിലര്‍ ഇതിനകത്ത് ഏതാനും നാണയത്തുട്ടുകളും ഇട്ടുവയ്ക്കാറുണ്ട്. ഇങ്ങനെ ചെയ്താല്‍ ഈച്ചശല്യം കുറയുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. എന്നാല്‍ എന്താണ് ഇതിന്‍റെ സത്യാവസ്ഥ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഈച്ചകളെ ഒഴിവാക്കാൻ ഇങ്ങനെ ചെയ്യുന്നത്?

ഇങ്ങനെ പ്ലാസ്റ്റിക് കവറില്‍ വെള്ളമൊഴിച്ച് തൂക്കുമ്പോള്‍ ഇതില്‍ വെളിച്ചമടിച്ച് അത് പ്രതിഫലിക്കുകയും ഇതോടെ ഈച്ചകള്‍ അകലുകയും ചെയ്യുന്നുവെന്നാണ് കരുതപ്പെടുന്നത്. ഇതിനകത്ത് നാണയങ്ങള്‍ കൂടിയിട്ടാല്‍ വെളിച്ചം പ്രതിഫലിക്കുന്നത് കൂടും. അങ്ങനെ വരുമ്പോള്‍ അല്‍പം കൂടി ഫലപ്രദമായി ഈച്ചകളെ തുരത്താമെന്നാണ് കരുതപ്പെടുന്നത്.

പക്ഷേ ഈ വിദ്യയെ ശാസ്ത്രീയമായി കാണാൻ സാധിക്കില്ലെന്നാണ് ഒരു സംഘം വിദഗ്ധര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം ഇത് മനശാസ്ത്രപരമായി ആളുകളെ ഏറെ സ്വാധീനിക്കാറുള്ളതിനാല്‍ തന്നെ പൂര്‍ണമായും ഒഴിവാക്കാൻ നിര്‍ദേശിക്കേണ്ടതുമില്ലെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

‘ഇത് ശരിക്കും ഒരു കെട്ടുകഥ പോലത്തെ സംഗതിയാണ്. എന്നാല്‍ ചിലര്‍ ഇതില്‍ അടിയുറച്ച് വിശ്വസിക്കുകയാണ്. അത്തരക്കാരെ തിരുത്താൻ മെനക്കെടേണ്ടതില്ല. അവര്‍ അവരുടെ വിശ്വാസത്തില്‍ ജീവിക്കട്ടെ. പക്ഷേ ശാസ്ത്രീയമായി ഈ പ്രതിഭാസത്തിന് യാതൊരു തെളിവുമില്ല. ഞങ്ങള്‍ നേരത്തെ ഇത് പരീക്ഷിച്ചപ്പോഴും ഇതിന് ഫലം കാണാൻ സാധിച്ചിട്ടില്ല..’- എൻഡൊമോളജിസ്റ്റായ ഡോ. ജോണ്‍ ഹോപ്കിൻസിന്‍റെ വാക്കുകളാണിത്. ചെറുപ്രാണികളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് എന്‍ഡൊമോളജി.

പലയിടങ്ങളിലും ഈച്ചശല്യമൊഴിവാക്കാൻ ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും എന്നാല്‍ ഇതിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നും ഈ മേഖലയില്‍ വിദഗ്ധനായ സ്കോട്ട് ഹോഡ്ജസും പറയുന്നു. പരിസരം വൃത്തിയായി സൂക്ഷിച്ചാല്‍ മാത്രമേ ഈച്ചശല്യം ഒഴിവാക്കാൻ സാധിക്കൂവെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്തായാലും ഈച്ചശല്യമൊഴിവാക്കാൻ ഇപ്പോഴും ഈ പൊടിക്കൈ പയറ്റുന്നവര്‍ ഏറെയാണ്. പക്ഷേ ഇതുകൊണ്ട് കാര്യമായ ഫലമുണ്ടാകില്ലെന്നത് തന്നെയാണ് ശാസ്ത്രീയമായ വശം. ഇക്കാര്യമാണ് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here