മലപ്പുറത്തെ പാണക്കാട് കൊടപ്പനയ്ക്കൽ തറവാട് മുസ്‌ലിം ലീഗിന്റെ മേൽവിലാസമായി മാറിയിട്ട് അര നൂറ്റാണ്ട് തികഞ്ഞു. 1973 ഫെബ്രുവരി 25ന് പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങൾ മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റതിനു ശേഷം പാണക്കാട് തങ്ങൾ കുടുംബാംഗമല്ലാത്തൊരാൾ ആ പദവി വഹിച്ചിട്ടില്ല.
മുസ്ലീം ലീഗ് രാഷ്ട്രീയത്തിലെ അവസാന വാക്കായിരിക്കുമ്പോഴും അധികാരത്തിൽനിന്ന് അകലം പാലിച്ചുവെന്നതു തങ്ങൾ കുടുംബത്തിന്റെ അപൂർവതയാണ്.
മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഹജ് തീർഥാടനത്തിനിടെ 1973 ജനുവരി 19ന് മക്കയിൽ അന്തരിച്ചു. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ പി.എം.എസ്.എ.പൂക്കോയ തങ്ങൾ അന്ന് ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. ഹൈദരാബാദ് ആക്‌ഷൻ കാലത്ത് രണ്ടാഴ്ച ജയിൽ വാസമനുഭവിച്ച അദ്ദേഹം, അന്ന് മലബാറിലെ മത–രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമായിരുന്നു. 1973 ഫെബ്രുവരി 25ന് കോഴിക്കോട് വലിയങ്ങാടിയിലെ ലീഗ് ഓഫിസിൽ നടന്ന യോഗത്തിൽ പൂക്കോയ തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. രണ്ടു വർഷത്തിനു ശേഷം 1975 ജൂലൈ 6ന് പൂക്കോയ തങ്ങൾ അന്തരിച്ചു.
തുടർന്ന് അദ്ദേഹത്തിന്റ മൂത്തമകൻ മുഹമ്മദലി ശിഹാബ് തങ്ങൾ പ്രസിഡന്റായി. അദ്ദേഹം ആ പദവിയിൽ 34 വർഷം ഇരുന്നു. മൂന്നര പതിറ്റാണ്ടിനു ശേഷം 2009 ഓഗസ്റ്റ് ഒന്നിന് അദ്ദേഹം വിട പറയുമ്പോൾ പാണക്കാട് കുടുംബം എന്നത് മുസ്‌ലിം ലീഗിന്റെ അവസാന വാക്കായി. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കുന്ന റെക്കോർഡ് ശിഹാബ് തങ്ങൾക്കാണ്.
പിന്നീട് അദ്ദേഹത്തിന്റെ സഹോദരൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സംസ്ഥാന പ്രസിഡന്റായി. 2022 മാർച്ച് 6നാണ് അദ്ദേഹം അന്തരിച്ചത്. അതിനു ശേഷം മറ്റൊരു സഹോദരനായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പദവിയേറ്റത്.
സാദിഖലി തങ്ങളുടെ സഹോദരൻ അബ്ബാസലി ശിഹാബ് തങ്ങൾ മലപ്പുറം ജില്ലാ പ്രസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മകൻ മുനവ്വറലി ശിഹാബ് തങ്ങൾ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്. സാദിഖലി തങ്ങളുടെ സഹോദരനായ ഉമറലി ശിഹാബ് തങ്ങളുടെ മകനായ റഷീദലി ശിഹാബ് തങ്ങൾ മലപ്പുറം മണ്ഡലം പ്രസിഡന്റാണ്.