ഇന്ധന സെസ് ഒരു രൂപയായി കുറച്ച് മുഖം രക്ഷിക്കാൻ സർക്കാർ നീക്കം; ഇതുവഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുകയെന്ന് ധനവകുപ്പ്

0
124

സംസ്ഥാന ബജറ്റിൽ ​പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ വ്യാപക വിമർശനം. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനം മയപ്പെടു​ത്താൻ സാധ്യത. പുതിയ സാഹചര്യത്തിൽ ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. പ്രതിപക്ഷ കക്ഷികൾക്ക് പുറമെ, എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ സെസ് ദോഷം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി എഐടിയുസിയുൾ​പ്പെടെ വിമർശിച്ചിരുന്നു.

കേന്ദ്രനയങ്ങൾ കാരണം മറ്റുവഴികളില്ലാത്ത സാഹചര്യത്തിൽ ഏ‌ർപ്പെടുത്തിയ ഇന്ധന സെസിനെ പർവ്വതീകരിച്ചു കാണിക്കുന്നുവെന്നാണ് ധനമന്ത്രി പറയുന്നത്. ഇതിനിടെ, സെസ് രണ്ടുരൂപ കൂട്ടിയത് തന്നെ ഒരു രൂപ കുറക്കാനുള്ള തന്ത്രമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. തിങ്കളാഴ്ചയാണ് നിയമസഭയിൽ ബജറ്റ് ചർച്ച തുടങ്ങുന്നത്. മൂന്ന് ദിവസത്തെ ചർച്ചക്ക് ശേഷം ബുധനാഴ്ച നടക്കുന്ന മറുപടി പ്രസംഗത്തിൽ ധനമന്ത്രി സെസ് ഒരു രൂപയാക്കി കുറച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ, ഇതുവഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുകയെന്ന് ധനവകുപ്പ് പറയുന്നു.

സമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിച്ചിൽ കുറവ് വരുന്ന പണം എങ്ങിനെ കണ്ടെത്തുമെന്നത് സർക്കാറിന് തലവേദനയാണ്. പുതിയ നികുതിയൊന്നും ചുമത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. നാളെ നിയമസഭാ മന്ദിരത്തിൽ പ്രതിപക്ഷനേതാവിൻറെ മുറിയിൽ മുന്നണി യോഗം ചേർന്ന് സഭക്ക് അകത്തും പുറത്തും സംസ്ഥാന സർക്കാറിനെതിരായ സമരപരിപാടികൾക്ക് രൂപം നൽകും. എന്നാൽ, കേ​ന്ദ്രസർക്കാർ നയങ്ങൾ സംസ്ഥാനത്തെ വറുതിയിലാക്കുന്ന സാഹചര്യത്തിൽ പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകാനാണ് എൽഡിഎഫ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here