യു.എ.ഇ വിസ നിയമ ലംഘകർക്ക് ആശ്വാസ വാർത്ത; രേഖകൾ ശരിയാക്കാൻ 3 ദിവസം കൂടി അവസരം

0
133

ദുബൈ: വിസചട്ടം ലംഘിച്ച് യു.എ.ഇയിൽ അനധികൃതമായി കഴിയുന്നവർക്ക് ആശ്വാസ വാർത്ത. അനധികൃത താമസക്കാർക്ക് രേഖകൾ ശരിയാക്കാൻ ദുബൈ താമസ കുടിയേറ്റ വകുപ്പ് മൂന്ന് ദിവസത്തെ അവസരം നൽകും. നാളെ മുതൽ ഈ മാസം 27 വരെ ദേര സിറ്റി സെന്‍ററിലാണ് ഇതിനായി പ്രത്യേക സൗകര്യമൊരുക്കുക.

വിവിധ വിസാ നിയമങ്ങൾ ലംഘിച്ചവർക്കും, പിഴ ശിക്ഷ നേരിടുന്നവർക്കും തങ്ങളുടെ രേഖകൾ നിയമ വിധേയമാക്കാനാണ് ദുബൈ ജി.ഡി.ആര്‍.എഫ്.എ നാളെ മുതൽ മൂന്ന് ദിവസം പ്രത്യേക കാമ്പയിൻ നടത്തുന്നത്. ‘എ ഹോം ഫോർ ഓൾ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ നിയമ ലംഘകർക്ക് പ്രശ്നങ്ങൾ പരിഹരിക്കാനും താമസം നിയമ വിധേയമാക്കാനും ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്താം. പത്ത് വർഷമായി അനധികൃതമായി തങ്ങുന്നവരാണെങ്കിൽ പോലും ധൈര്യപൂർവം ഈ കാമ്പയിനിലേക്ക് കടന്നുവരാമെന്നും, പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥർ സഹായിക്കുമെന്നും ജി.ഡി.ആര്‍.എഫ്.എ ഹാപ്പിനസ് ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ ലഫ്. കേണൽ സാലിം ബിൻ അലി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

താമസ വിസ, സന്ദർശക വിസ, ടൂറിസ്റ്റ് വിസ എന്നിവയിലെത്തി കാലാവധി തീർന്നിട്ടും മടങ്ങാൻ കഴിയാത്തവർക്കും, വിസ പുതുക്കാൻ കഴിയാത്തവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ദേര സിറ്റി സെന്‍ററിൽ സെന്‍റർ പോയിന്‍റിനടുത്ത് ജി.ഡി.ആര്‍.എഫ്.എ ഇതിനായി പ്രത്യേക സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. ഈമാസം 25 മുതൽ 27 വരെ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെ ഈ കേന്ദ്രത്തിൽ ഉദ്യോഗസ്ഥരുടെ സേവനം ലഭിക്കുമെന്നും ജി.ഡി.ആര്‍.എഫ്.എ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here