ബ്രെഡ്മേക്കറിനുള്ളിൽ ഒളിപ്പിച്ചത് 75 ലക്ഷത്തിലേറെ രൂപയുടെ സ്വർണം; കാസർകോട് റെയിൽവേ സ്റ്റേഷനിൽ യുവാവ് പിടിയിൽ

0
228

കാസർകോട് ∙ ദുബായിൽ നിന്ന് കണ്ണൂരിൽ വിമാനമിറങ്ങി കസ്റ്റംസ് പരിശോധന കഴിഞ്ഞ് ട്രെയിനിൽ നാട്ടിലേക്ക് വരികയായിരുന്ന യുവാവിൽ നിന്നു 75 ലക്ഷത്തിലേറെ രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ ചെങ്കള സിറ്റിസൺ നഗർ ഫായിസ് ക്വാട്ടേജിലെ പി.എം.മുഹമ്മദ് ഫായിസ്(33)നെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.

ഇയാളിൽ നിന്നു 1.3 കിലോ സ്വർണം കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണു പിടികൂടിയത്.ദുബായിൽ നിന്ന്‌ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഫായിസ്‌ ഏറനാട്‌ എക്‌സ്‌പ്രസിലാണ്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 4.30 ഓടെ കാസർകോട്‌ എത്തിയത്‌.

കൈവശുണ്ടായിരുന്ന കാർഡ്‌ബോർഡ്‌ പെട്ടിയുമായി സ്‌റ്റേഷന്റെ പിറകിലൂടെ പോകാൻ ശ്രമിക്കവേ കസ്റ്റംസ് സംഘം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. സ്വർണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചെത്തിയതായിരുന്നു ഇവർ. കാർഡ്‌ബോർഡ്‌ പെട്ടിയിലുണ്ടായിരുന്ന ബ്രെഡ്‌മേക്കറിന്റെ അടിത്തട്ടിലുള്ള ഭാഗത്ത്‌ സ്വർണം ഉരുക്കി ഒളിപ്പിച്ചിരിക്കുകയായിരുന്നു.

ബ്രെഡ്‌മേക്കറിന്റെ പലഭാഗങ്ങളും ഒന്നൊന്നായി പൊളിച്ച്‌ പരിശോധിച്ചപ്പോഴാണ്‌ അതിവിദഗ്‌ധമായി സ്വർണം ഒളിപ്പിച്ച ഭാഗം കണ്ടെത്താനായത്‌. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എല്ലാവിധ പരിശോധന കഴിഞ്ഞാണ് പ്രതി റെയിൽവേ സ്റ്റേഷനിലേക്കു എത്തുകയും അവിടെ നിന്നു ട്രെയിനിൽ കാസർകോട്ടേക്കും എത്തിയത്. സൂപ്രണ്ടിനെ കൂടാതെ കെ ആനന്ദ, കെ ചന്ദ്രശേഖര, എം വിശ്വനാഥ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു..

കടത്ത് വിദഗ്ധമായി

അതിവിദഗ്ധമായിട്ടായിരുന്നു പി.എം.മുഹമ്മദ് ഫയാസിന്റെ കടത്തെന്നു കസ്റ്റംസ് അധികൃതർ. ദുബായി‍ൽ നിന്നു പ്രത്യേക സംഘമാണ് സ്വർണം കടത്താൻ ആവശ്യമായ സൂത്രങ്ങളും സൗകര്യങ്ങളും ചെയ്തു നൽകിയത്. വിവിധയിടങ്ങളിൽ പരിശോധന കഴിഞ്ഞാണ് പ്രതി 75 ലക്ഷത്തിലേറെ രൂപയുടെ സ്വർണവുമായി കാസർകോടെത്തിയത്.

ജില്ലയിലെ ഒരാൾക്കു നൽകാനായിരുന്നു സ്വർണം. എന്നാൽ സ്വർണം കൈമാറേണ്ട വ്യക്തിയുടെ പേരു പ്രതി വെളിപ്പെടുത്തിയില്ല. സ്വർണം ഭദ്രമായി കൈമാറിയാൽ അതിന്റെ കമ്മിഷൻ അന്നേരം നൽകുന്നതാണ് രീതി. എന്നാൽ കൈമാറാൻ മണിക്കൂർ മാത്രം ബാക്കിയിരിക്കെ സ്വർണം പിടികൂടിയതിന്റെ പിന്നിൽ ഒറ്റുക്കാർ ആണെന്നാണു സംശയം.

കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ 32 കിലോ കള്ളക്കടത്ത്‌ സ്വർണമാണ്‌ കാസർകോട്‌ കസ്‌റ്റംസ്‌ പിടികൂടിയത്‌. ഇതിനു 18 കോടിയോളം വിലവരും. ഇത്രയും വർഷത്തിനുള്ളിൽ 9 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടള്ളത്. ഇതിൽ 15 കിലോ സ്വർണം പിടികൂടിയ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ 4 പേർക്ക് 12 കോടി രൂപയാണ് പിഴ അടയ്ക്കാൻ നിർദേശിച്ചത്.

ഇതിനുപുറമേ 15 കിലോ സ്വർണത്തിന്റെ വിലയായ 8 കോടിയോളം രൂപ സർക്കാർ കണ്ടെടുത്തിട്ടുണ്ട്. കടത്തിലൂടെ പിടികൂടുന്ന സ്വർണം എല്ലാം സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്യുന്നത്. ഇതിനു പുറമേ കടത്തുക്കാരിൽ വൻ പിഴ ഉൾപ്പെടെയുള്ളവയാണ് ഈടാക്കുന്നത്. പിഴ അടച്ചില്ലെങ്കിൽആ വ്യക്തികളുടെ മുഴുവൻ സ്വത്തുക്കളും കണ്ടെത്തുമെന്ന് അധികൃതർ അറിയിച്ചു.എന്നാൽ നികുതി വെട്ടിച്ച് കടത്തുന്ന സ്വർണം ജിഎസ്ടി, പൊലീസ് എന്നീ വകുപ്പുകൾ പിടികൂടിയാൽ ആവശ്യമായ രേഖകളും പിഴയും അടച്ചാൽ സ്വർണം വിട്ടു കൊടുക്കുകയാണ് പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here