തിരുവനന്തപുരം: വിദേശത്തുനിന്നു സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയ സംഘങ്ങളില്‍പ്പെട്ട 11 പേരെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു.
വിദേശത്തുനിന്ന് 13 പവന്‍ മാല കടത്തിക്കൊണ്ടുവന്ന കൊല്ലം സ്വദേശി മുഹമ്മദ് ഷമീന്‍, ഇയാളുടെ സുഹൃത്തുക്കളും കൊല്ലം സ്വദേശികളുമായ അമല്‍ഷാ, സല്‍മാന്‍, അല്‍ത്താഫ്, സഹല്‍ മുഹമ്മദ്, മുഹമ്മദ് നസീം, കോഴിക്കോട് താമരശ്ശേരി സ്വദേശികളായ രജനീഷ്, മുഹമ്മദ് ഫൈസല്‍, അന്‍സാര്‍, അനീഷ്, ഫൈസല്‍ എന്നിവരുടെ അറസ്റ്റാണ് പേട്ട പോലീസ് രേഖപ്പെടുത്തിയത്. സ്വര്‍ണ്ണക്കടത്തു സംബന്ധിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്.
ആനയറ പെട്രോള്‍ പമ്പിനു സമീപത്തുെവച്ച് ചൊവ്വാഴ്ച രാവിലെ ഈ രണ്ടു സംഘങ്ങള്‍ തമ്മില്‍ കൈയാങ്കളിയുണ്ടായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തത്. കോഴിക്കോട്ടുനിന്നു വന്നവര്‍ നേരത്തേയും സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പേട്ട പോലീസ് പറയുന്നു.
ദുബായില്‍നിന്ന് കുറ്റ്യാടി സ്വദേശി ഇസ്മായിലാണ് ഷമീന് മാല നല്‍കിയത്. വിമാനത്താവളത്തിനു പുറത്തു കാത്തുനില്‍ക്കുന്നവരെ ഏല്‍പ്പിക്കാനായിരുന്നു നിര്‍ദേശം. മാല നല്‍കിയാല്‍ 5000 രൂപ നല്‍കാമെന്നുമായിരുന്നു ധാരണ. ആനയറയിലെ പമ്പില്‍ വെച്ച് ഒരു സംഘം തന്നെ മര്‍ദിച്ച് മാല തട്ടിക്കൊണ്ടുപോയതായി ഇസ്മയിലിനെ അറിയിച്ച്, ഷമീന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൊല്ലത്തേക്കു മടങ്ങുകയായിരുന്നു. മാല വാങ്ങാന്‍ കാത്തുനിന്ന കോഴിക്കോട് സംഘം ഇവരെ പിന്തുര്‍ന്ന് കഴക്കൂട്ടത്തുനിന്ന് തിരിച്ച് ആനയറയിലേക്കു കൊണ്ടുവരികയായിരുന്നു.
മോഷണത്തെക്കുറിച്ചറിയാന്‍ പമ്പിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ആവശ്യത്തിനിടയിലാണ് രണ്ടു സംഘങ്ങളും തമ്മില്‍ തര്‍ക്കമുണ്ടാവുന്നതും പോലീസിന്റെ പിടിയിലാവുന്നതും.