വിവാഹപ്പന്തലിലെ കൂട്ടത്തല്ല് അടുത്തിടെയായി പലയിടങ്ങളിലായി പലപ്പോഴായി നാം കണ്ടിട്ടുള്ളതാണ്. നിസാര കാര്യങ്ങള്‍ക്കാണ് അധികവും ഇത്തരത്തിലുള്ള കലഹങ്ങളുണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. സമാനമായൊരു സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെടുന്നത്.
ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താലാണത്രേ വഴക്ക് തുടങ്ങിയത്. വരന്‍റെ അമ്മാവന് പനീര്‍ കഴിക്കാൻ കിട്ടിയില്ല എന്നതാണ് പരാതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്മേല്‍ തുടങ്ങിയ വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്
ഏതായാലും കൂട്ടത്തല്ലിന്‍റെ വീഡിയോ കാര്യമായി തന്നെ സോഷ്യല്‍ മീഡിയിയല്‍ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇതില്‍ പക്ഷേ പരസ്പരം അടിക്കുന്ന ആളുകളെ മാത്രമാണ് കാണുന്നത്. മറ്റൊന്നും വീഡിയോയില്‍ വ്യക്തമല്ല. അക്ഷരാര്‍ത്ഥത്തില്‍ കൂട്ട തല്ല് തന്നെയാണ് നടക്കുന്നത്. ചിലരെങ്കിലും അടികൂടുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ശ്രമങ്ങളൊന്നും വിജയം കാണുന്നില്ല. അടി തുടര്‍ന്നും നടക്കുകയാണ്.
നിസാരമായ കാര്യങ്ങള്‍ക്ക് ഇങ്ങനെ വലിയ അടിയും കലഹവുമുണ്ടാക്കുന്നത് നാണക്കേടാണെന്നും ഇത് രാജ്യത്തിന് തന്നെ അപമാനമാണെന്നുമാണ് വീഡിയോ കണ്ട അധികപേരും കുറിക്കുന്നത്. ചിലര്‍ ഇതിനെ വെറുമൊരു തമാശയായി തള്ളിക്കളയുകയാണ്. അതേസമയം ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്.
വീഡിയോ കണ്ടുനോക്കൂ…
शादी में दूल्हे के फूफा को पनीर न परोसने का अंजाम देख लो….
यूपी के बागपत का है मामला। #Baghpat #Viralvideo #UttarPradesh pic.twitter.com/gh3nMfVKUV
— Aditya Bhardwaj (@ImAdiYogi) February 9, 2023
കേരളത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരത്ത് കല്യാണത്തിന് വിളിച്ചില്ലെന്ന കാരണത്തില്‍ വധുവിന്‍റെ പിതാവിനെയും ബന്ധുക്കളെയും മര്‍ദ്ദിച്ച സംഭവം നടന്നത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. അതുപോലെ തന്നെ ആറ് മാസങ്ങള്‍ക്ക് മുമ്പ് ഹരിപ്പാട് വിവാഹസദ്യക്കിടയില്‍ പപ്പടത്തിന്‍റെ പേരില്‍ നടന്ന കൂട്ടത്തല്ലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്‍റെ വീഡിയോ വ്യാപകമായ രീതിയിലാണ് പങ്കുവയ്ക്കപ്പെട്ടിരുന്നത്.