സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തവും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് നാം കാണാറുള്ളത്. ഇവയില്‍ കൗതുകമുണര്‍ത്തുന്ന, അസാധാരണമായ കാഴ്ചകളടങ്ങിയ വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിക്കാറുണ്ട്.
ജീവികളുമായോ മൃഗങ്ങളുമായോ എല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകളെല്ലാം ഇത്തരത്തിലുള്ളതാണ്. പലപ്പോഴും നമുക്ക് നമ്മുടെ നിത്യജീവിതത്തില്‍ കാണാനോ അനുഭവിക്കാനോ സാധിക്കാത്ത പുതിയ കാര്യങ്ങളായിരിക്കും പല വീഡിയോകളുടെയും ഉള്ളടക്കം.
അത്തരത്തിലുള്ളൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു സംഘം പുഴുക്കള്‍ റോഡിലൂടെ നീങ്ങുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഇതിലെന്താണിത്ര അതിശയപ്പെടാൻ എന്നോ കൗതുകം തോന്നാൻ എന്നോ ചിലരെങ്കിലും ചിന്തിക്കാം.
എന്നാല്‍ ഇതില്‍ തീര്‍ച്ചയായും അതിശയപ്പെടാനുള്ള കാര്യമുണ്ട്. എന്തെന്നാല്‍ പുഴുക്കളുടെ പറ്റം നീങ്ങുന്ന രീതി തന്നെയാണ് പ്രധാനമായും കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുക. നമുക്കറിയാം തീരെ ചെറിയ ജീവികള്‍ റോഡിലൂടെ പോകുന്നത് ഏറെ അപകടകരമാണ്. വാഹനങ്ങള്‍ കയറാനോ, കാല്‍നടയാത്രക്കാര്‍ അശ്രദ്ധമായി ചവിട്ടാനോ എല്ലാം സാധ്യതകളേറെയാണ്.
ഒന്നാമതായി തീരെ ചെറിയ ജീവികള്‍ മറ്റുള്ളവരുടെ കാഴ്ചയില്‍ പതിയില്ല. രണ്ടാമതായി ഇവര്‍ എത്ര വേഗതയില്‍ പോയാലും ഒരു നിശ്ചിത ദൂരം താണ്ടണമെങ്കില്‍ ഒരുപാട് സമയമെടുക്കും. ഈ സമയക്കൂടുതലും അപകടം വിളിച്ചുവരുത്തുന്നു.
ഈ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനായി പുഴുക്കള്‍ ഒന്നിച്ച് പ്രത്യേക രീതിയില്‍ ചലിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഓരോ പുഴുവും ഒന്നിന് മുകളിലൊന്നായി കയറിക്കയറി നീങ്ങുകയാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഇവര്‍ക്ക് അതിവേഗം ദൂരം താണ്ടാം. അങ്ങനെയാകുമ്പോള്‍ അപകടസാധ്യതയും കുറവ്.
വ്യസായിയായ ഹര്‍ഷ് ഗോയങ്കയാണ് രസകരമായ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഇതിനോട് പ്രതികരണം അറിയിച്ചിരിക്കുന്നത്. ഒരുപാട് പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
വീഡിയോ കണ്ടുനോക്കൂ…