ഓരോ സാമൂഹിക വ്യവസ്ഥിതിയിൽ ജീവിക്കുന്നവർക്കും അവരവരുടേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉണ്ട്. പുറമേനിന്ന് കാഴ്ചക്കാരായി നോക്കുമ്പോൾ അവയിൽ പലതും വിചിത്രമായി അനുഭവപ്പെടാം എങ്കിലും ആ സാമൂഹിക വ്യവസ്ഥിതിയിൽ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം അത് അങ്ങനെയല്ല. അവരുടെ ജീവിതത്തിൻറെ ഭാഗം തന്നെയാണ്. തെക്കേ അമേരിക്കയിലെ യാനോമാമി ഗോത്രവിഭാഗങ്ങൾക്കിടയിൽ അത്തരത്തിലൊരു വിചിത്രമായ ശവസംസ്കാര ചടങ്ങുണ്ട്, എൻഡോകാനിബാലിസം എന്നാണ് ഇത് അറിയപ്പെടുന്നത്.
അതേ സമുദായത്തിൽ നിന്നോ ഗോത്രത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ മരിച്ച ഒരാളുടെ മാംസം ഭക്ഷിക്കുന്ന സമ്പ്രദായമാണ് ഇത്. ഇത്തരത്തിൽ ഒരു ആചാരം ഇവർ പിന്തുടരുന്നതിന് കാരണം, മരിച്ചുപോയ വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കണമെങ്കിൽ അവരുടെ ശരീരം കത്തിച്ച് ജീവിച്ചിരിക്കുന്ന ബന്ധുക്കൾ ഭക്ഷിക്കണം എന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ ഗോത്ര സമൂഹത്തിൽ നിന്നും മരിച്ചു പോകുന്ന വ്യക്തികളുടെ ശരീരം കത്തിച്ച് ആ ചാരം ഉപയോഗിച്ച് സൂപ്പ് ഉണ്ടാക്കി കുടിക്കുന്നത് ഇവർക്കിടയിലെ ഒരു ആചാരമാണ്.
പ്രിയപ്പെട്ടവരുടെ വേർപാടിലെ ദുഃഖം പ്രകടിപ്പിക്കാൻ ഇവർ കരയുകയും പാടുകയും ഒക്കെ ചെയ്യും. ശേഷം മരിച്ച വ്യക്തിയുടെ ശരീരം കത്തിച്ച് ആ ചാരം ജീവിച്ചിരിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ശരീരം മുഴുവൻ തൂക്കുന്നു. തുടർന്ന് ചാരവും വാഴപ്പഴവും ചേർത്ത് പ്രത്യേകം തയ്യാറാക്കുന്ന ഒരു സൂപ്പ് ഉണ്ടാക്കി ഇവർ കുടിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മാത്രമാണ് ഇവരുടെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്നത്.
ഇനി സ്വാഭാവിക മരണമല്ല ഏതെങ്കിലും ശത്രുക്കളാണ് ഒരു വ്യക്തിയെ കൊലപ്പെടുത്തുന്നത് എങ്കിൽ ഈ ആചാരം ചെയ്യാൻ ഗോത്ര സമൂഹത്തിലെ സ്ത്രീകൾക്ക് മാത്രമേ അവകാശമുള്ളൂ. കൂടാതെ ആ വ്യക്തി കൊല്ലപ്പെട്ട രാത്രിയിൽ തന്നെ ശത്രുവിനോട് പ്രതികാരം ചെയ്യുകയും ചെയ്യുന്നു.
ഈ ആചാരം ഏറെ വിചിത്രമായി തോന്നാമെങ്കിലും യാനോമാമി ഗോത്രത്തെ വേറിട്ട് നിർത്തുന്ന നിരവധി ഗുണങ്ങൾ ഉണ്ട് ഇവർക്ക്. സസ്യങ്ങളെ കുറിച്ച് പരിജ്ഞാനം ഉള്ളവരാണ് ഈ ഗോത്ര സമൂഹത്തിലെ മുഴുവൻ വ്യക്തികളും. ഭക്ഷണം, മരുന്ന്, വീട് നിർമ്മാണം, മറ്റ് കലാവസ്തുക്കൾ എന്നിവയ്ക്കായി അഞ്ഞൂറോളം സസ്യങ്ങൾ ഇവർ ഉപയോഗിക്കാറുണ്ട്. യാനം അല്ലെങ്കിൽ സെനെമ എന്നും ഈ ഗോത്രസമൂഹം അറിയപ്പെടാറുണ്ട്. തെക്കേ അമേരിക്കയിൽ കൂടാതെ യാനോമാമി ഗോത്രം വെനിസ്വേലയിലും ബ്രസീലിന്റെ ചില ഭാഗങ്ങളിലും കാണപ്പെടുന്നു.