റിയാദ്: പ്രാചീനയുഗത്തിലെ കല്ലുകൊണ്ടുള്ള മഴുകൾ സൗദി അറേബ്യയിൽനിന്ന് കണ്ടെത്തി. അറേബ്യൻ മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടെയാണ് ബ്രിട്ടീഷ് പര്യവേക്ഷകനായ മാർക്ക് ഇവാൻസിന്റെ നേതൃത്വത്തിലുള്ള പര്യവേഷണ സംഘം ശിലാ മഴുകൾ കണ്ടെത്തിയത്. അറേബ്യൻ ഉപദ്വീപിന്റെ ഹൃദയഭാഗത്തേക്ക് നടത്തിയ യാത്രക്കിടെ വേട്ടയാടാൻ ഉപയോഗിച്ചിരുന്ന വിവിധ കല്ല് മഴുകൾ കണ്ടെത്തിയത്. കൂടാതെ ഉപയോഗങ്ങൾ വ്യക്തമല്ലാത്തതും വളരെ പഴയ കാലത്തെ പഴക്കമുള്ളതുമായ മറ്റ് ഉപകരണങ്ങളും സംഘം കണ്ടെത്തിയിട്ടുണ്ട്.
ഈ കല്ലുകൾ പണ്ട് ആ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരുടേതാണെന്ന് കരുതുന്നതായി ഇവാൻസ് പറഞ്ഞു. പര്യവേക്ഷക സംഘം റാനിയ പ്രവിശ്യക്ക് സമീപമുള്ള നഫുദ് സുബൈയിൽ നിന്ന് 500 കിലോമീറ്ററിലധികം താണ്ടി ഖിദ്ദിയ പർവതനിരകളിലൂടെ ‘ദർബ് അൽമൻഞ്ചൂർ’ വഴി യാത്ര തുടരുകയാണ്. ഖിദ്ദിയ പർവതനിരകളുടെ ഉയരങ്ങളിൽ നിന്ന് പർവതങ്ങളും മരൂഭൂമികളും താഴ്‌വരകളുമായി നീണ്ടുകിടക്കുന്ന റോഡാണിത്. ചരിത്രപരവും സാംസ്കാരികവും വിനോദസഞ്ചാരപരവുമായ പൈതൃകവും വഹിക്കുന്ന പ്രകൃതി മനോഹരമായ സ്ഥലങ്ങൾ അവയ്ക്കിടയിലുണ്ട്.