വീടു വിട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ കാണാതായത് കുടുംബാംഗങ്ങളെയും പൊലീസിനെയും മുൾമുനയിലാക്കി; ഒടുവിൽ സമീപത്തെ കെട്ടിടത്തിൽ കണ്ടെത്തി

0
250

ബേക്കൽ ∙ പിതാവ് വഴക്കു പറഞ്ഞതിൽ മനംനൊന്ത് വീടു വീട്ടിറങ്ങിയ പന്ത്രണ്ടുകാരിയെ കാണാതായത് മണിക്കൂറുകളോളം കുടുംബാംഗങ്ങളെയും പൊലീസിനെയും മുൾമുനയിലാക്കി. ഒടുവിൽ 5 മണിക്കൂറിനു ശേഷം വീടിനു സമീപത്തെ പണി തീരാത്ത വീടിന്റെ ശുചിമുറിയിൽ ഉറങ്ങിയ നിലയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.

സ്കൂളിൽ വച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. തല്ല് കിട്ടാതിരിക്കാനായി വീടിന്റെ പിറകിലൂടെ പുറത്തേക്കു പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തത് വീട്ടുകാരെ പരിഭ്രാന്തരാക്കി. സമീപത്തെ വീടുകളിൽ അന്വേഷിച്ചു. എന്നാലും കണ്ടെത്തിയില്ല.

രാത്രി 11ന് ബേക്കൽ പൊലീസ് സ്റ്റേഷനിൽ പിതാവെത്തി പരാതി നൽകി.എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന്റെ മുന്നോടിയായി പരാതിക്കാരന്റെ മൊഴിയെടുക്കുന്നതിനിടെ പിതാവിനെയും കൂട്ടി 4 പൊലീസുകാരോടൊപ്പം ബേക്കൽ സിഐ യു.പി.വിപിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി.

വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ കുട്ടിയെ കാണാതായ വിവരം അറിയിച്ചു.പൊലീസും സമീപവാസികളും ചേർന്നു മുപ്പതിലേറെ വീടുകളിൽ പരിശോധിച്ചു. ഒടുവിൽ രാത്രി ഒന്നിനു വീടിന് 100 മീറ്റർ അകലെയുള്ള പണി തീരാത്ത വീട്ടിലെ ശുചിമുറിയിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ കണ്ടെത്തി. പിതാവ് വഴക്കു പറയുമെന്നു ഭയന്നു ശുചിമുറിയിൽ ഒളിച്ചിരുന്ന കുട്ടി പിന്നീട് അവിടെയിരുന്ന് ഉറങ്ങുകയായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിച്ച് കൗൺസിലിങ് നടത്തിയതിനു ശേഷം ഭക്ഷണവും നൽകിയാണു കുട്ടിയെ പിതാവിനോടൊപ്പം തിരിച്ച് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here