ചോറില്‍ പാറ്റ, കറിയില്‍ പുഴു; ഹോസ്റ്റല്‍ ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

0
174

മംഗളൂരു: ഞങ്ങളുടെ പേര് പറയരുത്.കുറേ കാലമായി ഞങ്ങളിത് അനുഭവിക്കുന്നു.വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കുന്നു. പരാതിപ്പെട്ടാല്‍ ഭീഷണി. ഇത്ര വലിയ ആരോഗ്യപ്രശ്‌നം ഉണ്ടായപ്പോളും ഞങ്ങള്‍ക്കിത് തുറന്നുപറയാന്‍ പറ്റില്ല..പേരു പറയരുത്.ഞങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഇവിടെനിന്ന് കോഴ്സ് കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കിട്ടണം…’- ഭക്ഷ്യവിഷബാധയുണ്ടായ സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോളേജസില്‍ ചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് വിദ്യാര്‍ഥികള്‍ പങ്കുവെച്ച ഭീകരമായ അനുഭവവാക്കുകളാണിത്. ഇവിടെ പഠിക്കുന്നവരില്‍ മിക്കവരും മലയാളികളാണ്. ഭക്ഷ്യ വിഷബാധയേറ്റവരില്‍ ഏറെയും പെണ്‍കുട്ടികളും.

ഹോസ്റ്റല്‍ മെസില്‍നിന്ന് ഞായറാഴ്ച രാവിലെ ഗ്രീന്‍പീസ് കറിയും അപ്പവുമാണ് വിദ്യാര്‍ഥികള്‍ കഴിച്ചത്. ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഉച്ചയ്ക്ക് സോയാബീന്‍ കറിയും ചോറും കഴിച്ചു. വൈകീട്ടോടെ തന്നെ പലര്‍ക്കും ഛര്‍ദിയും വയറിളക്കവും വന്നു. ഇത് ഹോസ്റ്റല്‍ അധികൃതരെ അറിയിച്ചപ്പോള്‍ ഒ.ആര്‍.എസ്. ലായനി മാത്രമാണ് നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ പ്രശ്‌നം വഷളായി. പലരും കുഴഞ്ഞുവീണു. ശ്വാസം എടുക്കാന്‍ പറ്റാത്തത്ര ആരോഗ്യപ്രശ്‌നത്തിലായിരുന്നു വിദ്യാര്‍ഥികള്‍.

കുടിവെള്ളത്തില്‍ മാലിന്യം

കുടിക്കാനുള്ള വെള്ളത്തില്‍ മലിനജലം കലര്‍ന്നിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കുടിവെള്ളത്തിന് ദുര്‍ഗന്ധം ഉണ്ടായിരുന്നു. ചൂടാക്കി തരുന്നതിനാല്‍ അതില്‍ അസ്വാഭാവികത അനുഭവപ്പെട്ടില്ല. കുടിവെള്ള പൈപ്പ് ഭൂമിക്കടിയില്‍ എവിടെയോ പൊട്ടി അതില്‍ മലിനജലം കലര്‍ന്നതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ആരോഗ്യപ്രശ്‌നം മുന്‍പും

മകള്‍ക്ക് ഇടയ്ക്കിടെ അസുഖം വരാറുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ മകളെ വീട്ടില്‍ കൊണ്ടുവന്ന് ചികിത്സിക്കും. അസുഖം ഭേദമായാല്‍ വീണ്ടും കോളേജില്‍ കൊണ്ടാക്കും. അങ്കമാലിക്കാരനായ ഒരു രക്ഷാകര്‍ത്താവ് പറഞ്ഞു.

പലപ്പോഴും ഇവിടത്തെ ഭക്ഷണത്തെക്കുറിച്ച് മകള്‍ പരാതി പറയാറുണ്ടായിരുന്നു. പക്ഷേ, അത് കോളേജ് അധികൃതരെയോ ഹോസ്റ്റല്‍ അധികൃതരെയോ അറിയിക്കാന്‍ ആര്‍ക്കും ധൈര്യം ഇല്ലായിരുന്നു. പരാതി പറഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും -അദ്ദേഹം പറഞ്ഞു. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായ മകളെ ചൊവ്വാഴ്ച വൈകീട്ടോടെ നാട്ടിലേക്ക് കൂട്ടിയാണ് ആ അച്ഛന്‍ മടങ്ങിയത്.

18,000 രൂപ ഹോസ്റ്റല്‍ ഫീസ്, ഭക്ഷണത്തിന് 2,200 വേറെയും

18,000 രൂപ ഹോസ്റ്റല്‍ ഫീസും 2,200രൂപ ഭക്ഷണത്തിനും ഇടാക്കിയിട്ടും മികച്ച ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെയാണ് വിദ്യാര്‍ഥികളുടെ ജിവിതം. ഹോസ്റ്റല്‍ ജിവിതം മടുത്ത് പുറത്തുപോയി താമസിച്ചാലും ഹോസ്റ്റല്‍ തുകയായി 18,000 രൂപ അടച്ചേ പറ്റൂ എന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here