കൈവിടാതെ; ഭൂചലനത്തിൽ മരിച്ചുപോയ മകളുടെ കൈവിടാതെ പിടിച്ച് അച്ഛൻ, ഹൃദയം തകർത്ത് ചിത്രം

0
264

കഴിഞ്ഞ ദിവസം തുർക്കിയിലും സിറിയിയലും ഉണ്ടായ ഭൂചലനത്തിൽ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. മരണനിരക്ക് 11,000 കടന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞു, ആളുകൾ അഭയം തേടി നാലുപാടും അലയുകയാണ്.

ഫെബ്രുവരി ആറിനാണ് തുർക്കിയിൽ ആദ്യത്തെ ഭൂചലനം അനുഭവപ്പെട്ടത്. പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു ഇത്. തുർക്കിയിലെയും സിറിയയിലെയും ഭൂചലനങ്ങളുടെ വാർത്തകൾ അധികം വൈകാതെ തന്നെ എല്ലായിടത്തും എത്തി. ദുരന്തഭൂമിയിൽ നിന്നുള്ള ആരുടേയും ഹൃദയം തകർക്കുന്ന അനേകം ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ചിലതിൽ എങ്ങനെയാണ് ക്ഷണനേരങ്ങൾ കൊണ്ട് കെട്ടിടങ്ങൾ നിലം പൊത്തുന്നത് എന്നത് കാണിക്കുമ്പോൾ മറ്റ് ചിലതിൽ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ എങ്ങനെയാണ് ആളുകളെ രക്ഷപ്പെടുത്തിയെടുക്കാൻ കഠിനപ്രയത്നം ചെയ്യുന്നത് എന്ന് കാണാം. അതേ സമയം, കാണുമ്പോൾ‌ തന്നെ വേദനയാകുന്ന ചിത്രങ്ങളും ഓൺലൈനിൽ പ്രചരിച്ചു.

അതിൽ പെടുന്നതാണ് ഫോട്ടോഗ്രാഫർ അഡെം ആൾട്ടൻ പകർത്തിയിരിക്കുന്ന ഒരു ചിത്രം. ദുരന്തത്തിന് പിന്നാലെ വീടുകൾ തകർന്ന, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട മനുഷ്യരുടെ വേദനകളെ കാണിക്കുന്നതായിരുന്നു ആൾട്ടൻ പകർത്തിയ ചിത്രങ്ങൾ. ഈ ചിത്രത്തിൽ കെട്ടിട അവശിഷ്ടങ്ങൾക്കിടയിലുള്ള ഒരാളുടെ കയ്യും പിടിച്ചിരിക്കുന്ന ഒരു മനുഷ്യനെയാണ്
കാണുന്നത്.

ചിത്രത്തിൽ തന്റെ കുടുംബാം​ഗങ്ങളെ ഭൂചലനത്തിൽ നഷ്ടപ്പെട്ട ഒരു മനുഷ്യനാണ്. മരിച്ചു പോയിട്ടും കൈവിടാനാകാതെ അതിലൊരാളുടെ കയ്യിൽ പിടിച്ചിരിക്കുന്ന മനുഷ്യന്റെ ചിത്രം ഹൃദയഭേദകമാണ്. ​ഗാർ‌ഡിയനിലെ റിപ്പോർട്ടുകൾ പ്രകാരം കൗമാരക്കാരിയായ തന്റെ മകളുടെ കയ്യിലാണ് ആ പിതാവ് പിടിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ മകളായ പെൺകുട്ടിക്ക് ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ചിത്രത്തിൽ കാണുന്ന ആ മനുഷ്യന്റെ പേര് മെസ്യൂട്ട് ഹാൻസ് എന്നാണ്. അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ഇർമാക് അവളുടെ കട്ടിലിൽ മരിച്ചുകിടക്കുകയാണ്. വീട് തകർന്ന് അവൾക്ക് മേലെ വീണിട്ടുണ്ട്.

ഭൂകമ്പം പോലെയുള്ള ദുരന്തങ്ങൾ എത്ര പെട്ടെന്നാണ് മനുഷ്യരുടെ പ്രിയപ്പെട്ടതിനെയെല്ലാം കവർന്നെടുക്കുന്നത് എന്നതിന്റെ നേർസാക്ഷ്യമാവുകയാണ് ഈ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here