അധിക നികുതി ആരും അടയ്ക്കരുത്, നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കും: കെ. സുധാകരന്‍

0
174

ജനങ്ങളോട് അധിക നികുതി അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇതിനെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞു. അധിക നികുതി പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കില്ലെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിണറായി പറഞ്ഞിരുന്നെന്ന കാര്യം സുധാകരന്‍ ഓര്‍മിപ്പിച്ചു.

നികുതി വര്‍ദ്ധന പിടിവാശിയോടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുന്‍പില്‍ സംസ്ഥാനത്തെ തളച്ചിട്ടു. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയത്. ജനകീയ സമരങ്ങള്‍ക്ക് മുന്‍പില്‍ ഈ ഏകാധിപതി മുട്ടുമടക്കിയ ചരിത്രം ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളോട് ആയിരം കോടി പിരിക്കാന്‍ പറഞ്ഞിരിക്കുകയാണ്. അത് സാധാരണക്കാരനെ വീണ്ടും ബാധിക്കും.

റൊട്ടിയില്ലാത്തിടത്ത് കേക്ക് കഴിച്ചോളൂ എന്നാവശ്യപ്പെട്ട റാണിയെ പോലെയാണ് മുഖ്യമന്ത്രി. മാധ്യമ വാര്‍ത്തകള്‍ കണ്ട് സമരത്തിനിറങ്ങുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. നികുതി വര്‍ദ്ധനയില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ധനസെസ് വര്‍ദ്ധനവിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ തീരുമാനം. നിയമസഭ സമ്മേളിക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിര്‍ത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13,14 തീയതികളില്‍ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിന് മുന്നിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ധനസ്ഥിതി അത്ര മെച്ചമല്ലെന്നും അപകടകരമായ സാഹചര്യം ഉണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. വ്യക്തിപരമായ താല്‍പര്യം കൊണ്ടല്ല സെസ്സ് ഏര്‍പ്പെടുത്തിയത്, സംസ്ഥാന താല്‍പര്യമാണ് പരിഗണിച്ചത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here