തെരുവിൽ നൃത്തം ചെയ്തത് കുറ്റം; സോഷ്യൽ മീഡിയയിൽ വൈറലായ ദമ്പതികൾക്ക് 10 വർഷം തടവ് ശിക്ഷ

0
132

ടെഹ്റാൻ: തെരുവിൽ ഡാൻസ് കളിച്ച ദമ്പതികൾക്ക് പത്ത് വർഷം ജയിൽ ശിക്ഷ വിധിച്ച് ഇറാൻ. ടെഹ്റാനിലെ ആസാദി ടവറിലാണ് ആമിർ മുഹമ്മദ് അഹ്മദിയും ജീവിത പങ്കാളി അസ്ത്യാസ് ഹഖീഖിയും നൃത്തം ചെയ്തത്. ഈ വീഡിയോ ഇന്സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറകെയാണ് ദമ്പതികൾക്കെതിരെ കേസെടുത്തത്. അഴിമതിയും ലൈംഗികതയും പ്രചരിപ്പിച്ചുവെന്ന കുറ്റം ഇവർക്കെതിരെ ഇറാൻ പൊലീസ് ചുമത്തി.

രാജ്യത്തിനെതിരെ പ്രചാരണം നടത്തി, ദേശീയ സുരക്ഷയെ അപകടപ്പെടുത്തി എന്നീ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിരുന്നു. നിലവിലെ മത നിയമങ്ങൾക്കെതിരായ പ്രതിഷേധ സൂചകമായാണ് യുവാക്കൾ പൊതു സ്ഥലത്ത് നൃത്തം ചെയ്തത്. ഡാൻസിംഗ് കപ്പിൾസ് എന്ന പേരിൽ അറിയപ്പെടുന്ന ഇവർക്ക് സോഷ്യൽ മീഡിയയിൽ വലിയ ആരാധകരും ഫോളോവേഴ്സും ഉണ്ട്.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത മെഹ്സ  അമിനി മരിച്ചതിന് പിറകെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവർക്ക് നേരെ ശക്തമായ അടിച്ചമർത്തൽ നടപടിയാണ് ഇറാൻ സ്വീകരിച്ചിരുന്നത്. പ്രക്ഷോഭത്തിന് നേത-ത്വം നൽകിയവർക്ക് വധ ശിക്ഷവരെ വിധിച്ചിരുന്നു. തുടർച്ചയായാണ് ഡാൻസിംഗ് കപ്പിൾസിനെതിരായ നടപടിയും.

മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് സപ്തംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്. ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു. പിന്നാലെ, നിരവധി പ്ര​ക്ഷോഭകർ തടവിലാവുകയും അനേകം പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. വെറും 26 ദിവസത്തിനുള്ളിൽ ഇറാനിലെ അധികാരികൾ നടപ്പിലാക്കിയത് 55 വധശിക്ഷയെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഈയിടെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വാർത്ത. നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യുമൻ റൈറ്റ്സാണ് (IHR) ഈ വിവരം പുറത്ത് വിട്ടത്. സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ചവരുടെ വധശിക്ഷയും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്ത് പ്രതിഷേധിക്കുന്നവരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രക്ഷോഭകർക്ക് വധശിക്ഷ വിധിക്കുന്നത് എന്നും ഇറാൻ ഹ്യുമൻ റൈറ്റ്സ് വിമർശിച്ചു.

പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചാർത്തി വധിച്ചത് നാലുപേരെയാണ്. ബാക്കി മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവരുടെ വധശിക്ഷയാണ്. 107 പേരുടെ വധശിക്ഷ അടുത്ത് തന്നെ വധശിക്ഷ നടപ്പിലാക്കാൻ സാധ്യതയുണ്ട്. പ്രക്ഷോഭകരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് ത‌ടയാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം എന്നും ആ ഇടപെടൽ ഇത്തരം വധശിക്ഷാ നടപടികൾ കുറയ്ക്കുന്നതിന് സഹായകമാകും എന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here