മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റ്; പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കില്ല -പിണറായി വിജയൻ

0
178

കാസർകോട്: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത് തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹമോചനം മുസ്ലിം നടത്തിയാൽ ജയിലിൽ അടക്കണമെന്ന നയം തെറ്റാണെന്നും പിണറായി വ്യക്തമാക്കി. സി.പി.എം ജനകീയ പ്രതിരോധ ജാഥക്ക് കാസർകോട്ട് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ ഒരു നിയമ സംവിധാനമാണ് വേണ്ടത്. എന്നാൽ, ഒരു മതവിശ്വാസിക്ക് ഒരു നിയമവും മറ്റൊരാൾക്ക് വേറൊരു നിയമവുമാണ് കേന്ദ്രം നടപ്പാക്കുന്നത്. വിവാഹമോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ട്. അതെല്ലാം സിവിൽ കേസ് ആയാണ് കൈകാര്യം ചെയ്യുന്നത്. ഇത് മുസ് ലിമിന് മാത്രം ക്രിമിനൽ കുറ്റമാകുന്നു. വിവാഹ മോചനത്തിന്‍റെ പേരിൽ മുസ് ലിമായാൽ ജയിലിൽ അടക്കണമെന്നതാണ് ഒരു ഭാഗമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

ഒരാൾക്ക് ഇന്ത്യൻ പൗരത്വം കിട്ടിയത് പ്രത്യേക മതത്തിൽ ജനിച്ചത് കൊണ്ടാണ് പറയാനാവില്ല. നമ്മൾ ഈ മണ്ണിന്‍റെ സന്തതിയും രാജ്യത്തെ പൗരനുമാണ്. പൗരത്വത്തിന് ഏതെങ്കിലും ഘട്ടത്തിൽ മതം ഒരു അടിസ്ഥാനമായി വന്നിട്ടുണ്ടോ?. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുകയല്ലേ കേന്ദ്ര സർക്കാർ ചെയ്തതെന്നും പിണറായി ചോദിച്ചു.

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല. നിയമം ഭരണഘടനാ അനുസൃതമാകണം. അത്തരം കാര്യങ്ങൾ നടപ്പാക്കാനാണ് നിലനിൽക്കുന്നത്. ഭരണഘടനാ അനുസൃതമായ നിയമങ്ങളെ ഭാവിയിലും നടപ്പാക്കുകയുള്ളൂവെന്നും പിണറായി വിജയൻ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here