കോഴിയിറച്ചി മാലിന്യം ഇനി വെറുതേ കളയേണ്ട; കൊടുത്താല്‍ പണവും സ്വര്‍ണവും ലഭിക്കും

0
297

ആലപ്പുഴ: ഇരുട്ടിന്റെ മറവില്‍ കോഴിയിറച്ചി മാലിന്യം ഇനി തോടുകളിലും പുഴകളിലും തള്ളേണ്ട. കൊടുത്താല്‍ നിശ്ചിതനിരക്കില്‍ പണംകിട്ടും. കൂടുതല്‍ കൊടുത്താല്‍ സ്വര്‍ണനാണയവും ചെയിനുമെല്ലാമാണു സമ്മാനം. സംസ്ഥാനത്ത് 38 സംസ്‌കരണ പ്ലാന്റുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍ മാലിന്യം വേണ്ടത്ര കിട്ടാതായതോടെയാണ് സംരംഭകര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചത്.

ഏറ്റവും കൂടുതല്‍ പ്ലാന്റ് മലപ്പുറത്താണ്. 19 എണ്ണം. അവിടെയാണ് സ്വര്‍ണസമ്മാനം നല്‍കുന്നത്. മുമ്പ് കിലോയ്ക്ക് പത്തുരൂപയോളം കൊടുത്താണ് കോഴിക്കടക്കാര്‍ മാലിന്യം ഒഴിവാക്കിയിരുന്നത്. ഇപ്പോള്‍ കിലോയ്ക്ക് രണ്ടുരുപ മുതല്‍ നല്‍കി പ്ലാന്റുകാര്‍ കോഴിക്കടകളില്‍വന്ന് മാലിന്യമെടുക്കും. കോഴിയെക്കൊന്ന് നാലുമണിക്കൂറിനകം ശീതീകരണിയിലാക്കിയോ അല്ലാതെയോ പ്ലാന്റിനു നല്‍കണമെന്നു മാത്രം. ശീതീകരണി ഉള്‍പ്പെടെയുള്ളവ പ്ലാന്റുകാര്‍ നല്‍കും.

സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചതോടെ 49 സ്വാകര്യ പ്ലാന്റുകള്‍ക്കാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കിയത്. അതില്‍ 38 എണ്ണമാണ് പ്രവര്‍ത്തനസജ്ജമായത്. ബാക്കിയുള്ളവ ഉടന്‍ സജ്ജമാകും. വഴിയോരങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും ദുര്‍ഗന്ധംപരത്തിക്കിടന്ന കോഴിയിറച്ചി മാലിന്യത്തിനായി അതോടെ കേരളത്തില്‍ കടുത്ത മത്സരംനടക്കുമെന്നുറപ്പായി. പന്നിക്കും മുഷി മീനിനുമെല്ലാം തീറ്റനല്‍കാന്‍ വേണ്ടത്ര കോഴിയിറച്ചി മാലിന്യം കിട്ടുന്നില്ലെന്നുകാട്ടി കര്‍ഷകര്‍ ഇപ്പോള്‍ത്തന്നെ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.

നിലവില്‍ കൊല്ലം -രണ്ട്, പത്തനംതിട്ട -ഒന്ന്, എറണാകുളം -ആറ്, തൃശ്ശൂര്‍ -ഒന്ന്, പാലക്കാട് -രണ്ട്, മലപ്പുറം -19, കോഴിക്കോട് -ഒന്ന്, വയനാട് -ഒന്ന്, കണ്ണൂര്‍ -രണ്ട്, കാസര്‍കോട് -മൂന്ന് എന്നിങ്ങനെയാണ് പ്ലാന്റുകള്‍ സ്ഥാപിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉടന്‍ തുടങ്ങും. എറണാകുളം, വയനാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ പ്ലാന്റുകള്‍ തുടങ്ങാനും പദ്ധതിയുണ്ട്.

ഇപ്പോള്‍ സജ്ജമായ പ്ലാന്റുകളില്‍ ഒരേസമയം രണ്ടുംമൂന്നും ടണ്‍ മാലിന്യം സംസ്‌കരിക്കാനാകും. രണ്ടു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിപ്പിക്കുന്ന പ്ലാന്റുകളുമുണ്ട്. എല്ലാ പ്ലാന്റുകളിലുമായി പ്രതിമാസം 14,014,245 ടണ്‍ മാലിന്യം സംസ്‌കരിക്കുന്നുണ്ടെന്നാണ് തദ്ദേശവകുപ്പ് അധികൃതര്‍ പറയുന്നത്. കേരളത്തില്‍ പ്രതിമാസം 20 ലക്ഷം ടണ്ണോളം കോഴിയിറച്ചി മാലിന്യമുണ്ടാകുന്നുവെന്നാണ് ഏകദേശ കണക്ക്.

വിലയേറിയ വളവും തീറ്റയും

: തല, തൂവല്‍, കാല്‍ ഉള്‍പ്പെടെയുള്ള കോഴിയിറച്ചിമാലിന്യം സംസ്‌കരണപ്ലാന്റിലെ പ്രഷര്‍കുക്കറില്‍ 160 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ആറുമണിക്കൂര്‍ പുഴുങ്ങി പൊടിയാക്കും. ജലാംശം പൂര്‍ണായും ഇല്ലാതാകുന്ന മുറയ്ക്ക് ഇത് ജൈവവളമായും മീന്‍, പന്നി എന്നിവയ്ക്കുള്ള തീറ്റയായും മാറ്റും. ഇതിന് ആവശ്യക്കാരേറെയാണ്. അതിനിടയില്‍ ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്കും നല്ലവില കിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here