ന്യൂഡൽഹി: കല്യാണവീട്ടിലെ തർക്കത്തിനെത്തുടർന്ന് കാറ്ററിംഗ് ജീവനക്കാരനെ സംഗീത ബാൻഡിലെ അംഗങ്ങൾ പ്ളാസ്റ്റിക് പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഇന്നലെ രാത്രി ഡൽഹിയിലെ പ്രശാന്ത് വിഹാറിലാണ് സംഭവം. സന്ദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.
കല്യാണ വിരുന്നിനിടെ ഭക്ഷണം കഴിക്കുന്നതിനായി ഡി ജെ ഉൾപ്പെടെയുള്ള ബാൻഡ് അംഗങ്ങൾ സന്ദീപിനോട് പ്ളേറ്റ് ആവശ്യപ്പെട്ടു. പ്ളേറ്റുകൾ വൃത്തിയാക്കുകയാണെന്നും അൽപ്പസമയത്തിനകം എത്തിക്കാമെന്നും സന്ദീപ് മറുപടി നൽകി. പ്ളേറ്റ് എത്താൻ വൈകിയതോടെ ബാൻഡ് അംഗങ്ങളിൽ രണ്ടുപേർ സന്ദീപിനെ പ്ളാസ്റ്റിക് പെട്ടികൊണ്ട് അടിക്കുകയായിരുന്നു. പിന്നാലെ സന്ദീപ് മരിക്കുകയും ചെയ്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.