കണ്ണൂരിൽ ദമ്പതികൾ സഞ്ചരിച്ച കാർ കത്താൻ കാരണം ഷോർട്ട് സർക്യൂട്ട്; സാനിറ്റൈസറും പെർഫ്യൂമും തീവ്രത കൂട്ടിയെന്ന് പ്രത്യേക അന്വേഷണം സംഘം

0
207

കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിക്കാനിടയായ അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് പ്രത്യേക അന്വേഷണസംഘവും കണ്ടെത്തി. തീ ആളിപ്പടരാന്‍ ഇടയാക്കിയത് കാറിലുണ്ടായിരുന്ന സാനിറ്റൈസറും സുഗന്ധത്തിനായി ഉപയോഗിക്കുന്ന സ്‌പ്രേയുമാകാമെന്നും കണ്ണൂര്‍ ആര്‍ടിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, കാറില്‍ നിന്ന് കിട്ടിയ മറ്റ് വസ്തുക്കളുടെ രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പ്രത്യേകമായി നിയോഗിച്ച സംഘത്തില്‍ കണ്ണൂര്‍ ആര്‍ടിഒ ഇ എസ് ഉണ്ണികൃഷ്ണനു പുറമെ, എംവിഐമാരായ പി വി ബിജു, ജഗന്‍ലാല്‍ എന്നിവരാണുണ്ടായിരുന്നത്. സംഘം സാങ്കേതിക വിദഗ്ധരുടെ സാന്നിദ്ധ്യത്തില്‍ അപകടത്തിനിടയായ കാര്‍ തിങ്കളാഴ്ച പരിശോധിച്ചിരുന്നു.

ഫെബ്രുവരി രണ്ടിനായിരുന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിക്ക് സമീപം അപകടമുണ്ടായത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി വി പ്രജിത്ത് (35), ഗര്‍ഭിണിയായിരുന്ന ഭാര്യ റീഷ (26)എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മരിച്ച ഇരുവരും വാഹനത്തിന്റെ മുന്‍വശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോള്‍ റീഷയുടെ മാതാപിതാക്കള്‍ വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here