ഇതില്‍പ്പരം ഒരു ആസാധ്യ ക്യാച്ച് സ്വപ്നം കാണാന്‍ പോലുമാവില്ല, വാഴ്ത്തി സച്ചിനും മൈക്കല്‍ വോണും-വീഡിയോ

0
337

മുംബൈ: ക്രിക്കറ്റില്‍ പല അസാധ്യ ക്യാച്ചുകളും ഫീല്‍ഡര്‍മാര്‍ കൈയിലൊതുക്കുന്നതുകണ്ട് നമ്മള്‍ കണ്ണുതള്ളി ഇരുന്നിട്ടുണ്ട്. ബൗണ്ടറി ലൈനില്‍ സിക്സ് പോവേണ്ട പന്ത് പറന്നു പിടിച്ച് ഫീല്‍ഡിലേക്ക് എറിഞ്ഞ് തിരിച്ചുവന്ന് വീണ്ടും കൈയിലൊതുക്കുന്നത് ഇപ്പോള്‍ ഒരു പുതുമപോലുമല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ചരിത്രകാരനായ ഓംകാര്‍ മാന്‍കമേ ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എവിടെ നടന്ന മത്സരമാണെന്നോ ഫീല്‍ഡര്‍ ആരാണെന്നോ ട്വീറ്റില്‍ പറഞ്ഞിട്ടില്ല.

പ്രാദേശിക ടെന്നീസ് ബോള്‍ ക്രിക്കറ്റ് മത്സരത്തില്‍ ബാറ്റര്‍ സിക്സിന് പറത്തിയ പന്ത് ബൗണ്ടറിയില്‍ പറന്നു പിടിക്കുന്ന ഫീല്‍ഡര്‍ നിയന്ത്രണം തെറ്റി ബൗണ്ടറി ലൈനിന് പുറത്തേക്ക് പോകുമ്പോള്‍ പന്ത് പതിവുപോലെ വായുവില്‍ ഉയര്‍ത്തിയിട്ടു. എന്നാല്‍ ഉയര്‍ത്തിയിട്ട പന്ത് പോയത് ബൗണ്ടറിക്ക് പുറത്തായിരുന്നു. ഈ പന്ത് നിലത്തുവീഴും മുമ്പ് ഫുട്ബോളിലെ ബൈസിക്കിള്‍ കിക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ വായുവില്‍ ഉയര്‍ന്നുചാടി കാലുകള്‍ കൊണ്ട് തട്ടി ഫീല്‍ഡര്‍ വീണ്ടും ബൗണ്ടറിയില്‍ സമീപത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫീല്‍ഡര്‍ക്ക് നേരെ അടിച്ചു. ആ ഫീല്‍ഡര്‍ ക്യാച്ച് അനായാസം കൈയിലൊതുക്കുകയും ചെയ്തു.

ഫീല്‍ഡര്‍ പന്ത് കാലുകള്‍കൊണ്ട് കിക്ക് ചെയ്ത് ബൗണ്ടറിക്ക് അകത്തേത്ത് പറത്തുമ്പോള്‍ ഒരു കാല്‍ ഗ്രൗണ്ടില്‍ തൊടുന്നുണ്ടെന്നും അതിനാല്‍ അത് സിക്സാണെന്നും ആരാധകര്‍ തര്‍ക്കിക്കുന്നുണ്ടെങ്കിലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചതോടെ ആ അസാമാന്യ ഫീല്‍ഡിംഗ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഫുട്ബോള്‍ അറിയാവുന്നൊരാള്‍ കൂടെയുണ്ടെങ്കില്‍ ഇതാണ് ഗുണം എന്ന് പറഞ്ഞാണ് സച്ചിന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ വീഡിയോ പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചത് എക്കാലത്തെയും മഹത്തായ ക്യാച്ച് എന്നായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here