കേരളത്തിലെ കാൻസർ രോഗനില ആശങ്കാജനകം, 13 ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടേകാൽ ലക്ഷം

0
356

കൊച്ചി: എട്ടു വർഷത്തിനിടെ കാൻസർ രോഗത്തിന് കേരളത്തിലെ 13 പ്രധാന ആശുപത്രികളിൽ ചികിത്സ തേടിയത് രണ്ടേകാൽ ലക്ഷം പേർ. ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്നത് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിനെ. എറണാകുളം ജനറൽ ആശുപത്രിയിൽ 3,092 പേർ ചികിത്സ നേടി.

നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം തയ്യാറാക്കിയ റിപ്പോർട്ടിലാണ് കണക്കുകൾ. ഔദ്യോഗിക സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്തവർ നിരവധിയാണ്. അവയും വിലയിരുത്തിയാൽ കേരളത്തിലെ കാൻസർ രോഗനില ആശങ്കാജനകമാണെന്ന് വിദഗ്ദ്ധർ പറയുന്നു.

സർക്കാർ മേഖലയിലെ എറണാകുളം ജനറൽ ആശുപത്രിയിൽ എട്ടു വർഷത്തിനിടെ 3092 പേരാണ് ചികിത്സ നേടിയത്. ഇവരിൽ 1598 പേർ പുരുഷന്മാരാണ്. 57.1 ശതമാനം. 1494 പേർ സ്ത്രീകളാണ്. 48.3 ശതമാനം. എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലും ആയിരങ്ങൾ ചികിത്സ തേടിയിട്ടുണ്ട്.

തിരുവനന്തപുരം ആർ.സി.സിയിൽ 11,191പേരാണ് പുതിയ ചികിത്സ തേടിയത്. തുടർചികിത്സയ്ക്ക് 1,50,330 പേരാണ് ആർ.സി.സിയിലെത്തിയത്. പ്രതിദിനം 525 രോഗികളാണ് ആർ.സി.സിയിൽ ചികിത്സ തേടിയെത്തുന്നത്. തലശേരിയിലെ മലബാർ കാൻസർ സെന്ററിലാണ് ആർ.സി.സി കഴിഞ്ഞാൽ കൂടുതൽ പേർ എത്തുന്നത്.

ആശ്രയം സർക്കാർ മേഖലയെ

ഭൂരിപക്ഷം രോഗികളും ചികിത്സയ്ക്ക് ആശ്രയിക്കുന്നത് സർക്കാർ മേഖലയിലെ ആശുപത്രികളെയാണ്. 60.01 ശതമാനം രോഗികളാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 39.9 ശതമാനമാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചത്.

മുന്നേറാതെ കാൻസർ സെന്റർ

കളശേരിയിൽ പ്രവർത്തിക്കുന്ന കൊച്ചി കാൻസർ സെന്ററിന് വളർച്ച നേടാൻ കഴിഞ്ഞിട്ടില്ല. 2014ൽ നിർമാണം ആരംഭിച്ച കെട്ടിടം ഇനിയും പൂർത്തിയായിട്ടില്ല. രണ്ടു വർഷമായി ഡയറക്ടർ പദവിയും ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ ഡയറക്ടറെ നിയമിക്കാൻ നടപടികൾ പൂർത്തിയായെങ്കിലും ഉത്തരവ് വന്നിട്ടില്ല. സ്‌പെഷ്യൽ ഓഫീസർ തസ്തികയിലും ആളില്ല. കെട്ടിടം പൂർത്തിയായി കേന്ദ്രം പൂർണതോതിൽ പ്രവർത്തിച്ചാൽ ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസമാകും.

നാളെ കാൻസർ ദിനം

രോഗത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിനും പ്രതിരോധമാർഗങ്ങൾ പ്രചരിപ്പിക്കുന്നതിനും ഫെബ്രുവരി നാല് കാൻസർ ദിനമായി ആചരിക്കും. കൂട്ടായി ശബ്ദം ഉയത്തുക, പ്രവർത്തിക്കുക എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. കാൻസർ മുക്ത ലോകം എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

”ആരോഗ്യരംഗത്ത് പ്രധാനപ്പെട്ട വിഷയമാണ് കാൻസർ. ചെലവേറിയ ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങൾ ശക്തമാക്കേണ്ടത് അനിവാര്യമാണ്.”

ഡോ.എൻ.കെ. സനിൽകുമാർ

ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here