അദൃശ്യമായ കണ്ണാടി വീട് വില്‍പ്പനയ്ക്ക് ; വില 149 കോടി രൂപ

0
257

കാണാന്‍ കഴിയാത്തൊരു വീടിനെക്കുറിച്ച് നിങ്ങള്‍ക്കറിയാമോ? ഈ വീട് അനുഭവിക്കാനേ കഴിയൂ…. അമേരിക്കയിലെ ജോഷ്വ ട്രീയിലെ അദൃശ്യ വീടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടിയ നെറ്റ്ഫ്‌ളിക്‌സ് വീഡിയോയിലൂടെ ഏറെ പ്രശസ്തമായ ഇന്‍വിസിബിള്‍ ഹൗസ് സ്വന്തമാക്കാനുള്ള അവസരമുണ്ട്.

സിനിമാ നിര്‍മാതാവും വീടിന്റെ നിലവിലെ ഉടമസ്ഥനുമായ ക്രിസ് ഹാന്‍ലിയാണ് വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. 18 മില്യണ്‍ യു.എസ് ഡോളറാണ് ഈ കാണാക്കണ്ണാടി വീടിന് വിലയിട്ടിരിക്കുന്നത്. അതായത് 149 കോടി രൂപയാണ് ഈ വീടിന്റെ മൂല്യം.

കണ്ണാടി കൊണ്ട് നിര്‍മിതമായ ഈ വീടിന്റെ പുറംഭാഗത്ത് ചുറ്റുമുള്ള പനോരമിക് ലാന്‍ഡ്സ്‌കേപ്പ് പ്രതിഫലിക്കുമ്പോഴാണ് വീട് അദൃശ്യമായും സുന്ദരമായും നമ്മള്‍ക്ക് തോന്നുന്നത്. വീടിന്റെ പുറംഭാഗം ചുറ്റുമുള്ള അന്തരീക്ഷത്തില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഒറ്റനോട്ടത്തില്‍ അങ്ങനെയൊരു വീടുണ്ടെന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.

മരുഭൂമിയിലെ മനോഹരമായ സൂര്യാസ്മയത്തില്‍ അലിഞ്ഞുചേരുന്നത് പോലുള്ള അനുഭവമാണ് മരുഭൂമിയിലെ ഈ അദൃശ്യവീട്ടിലെ ഓരോ വൈകുന്നേരങ്ങളും സമ്മാനിക്കുന്നത്. ദ വിര്‍ജിന്‍ സൂയിസൈഡ്സ്, അമേരിക്കന്‍ സൈക്കോ, സ്പ്രിംഗ് ബ്രേക്കേഴ്സ് തുടങ്ങിയ പ്രശസ്ത ചിത്രങ്ങള്‍ നിര്‍മിച്ച ക്രിസ് ഹാന്‍ലി തന്നെയാണ് വീട് ഡിസൈന്‍ ചെയ്തത്.

പുറമെ, 5,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ അകത്തളങ്ങളില്‍ നാല് കിടപ്പുമുറികള്‍, മൂന്ന് കുളിമുറികള്‍, 222 ചതുരശ്ര അടി പ്രൊജക്ഷന്‍ ഭിത്തി എന്നിവയുണ്ട്. വീടിന്റെ നടുത്തളത്തിലുള്ള 100 അടിയോളമുള്ള കുളമാണ് മറ്റൊരു ആകര്‍ഷണം.

അധികമാരും ഇല്ലാത്ത, സന്ദര്‍ശിച്ചിട്ടുപോലുമില്ലാത്ത ഒറ്റപ്പെട്ട 90 ഏക്കര്‍ സ്ഥലത്താണ് വീട് ഒരുക്കിയിരിക്കുന്നത്. മരുഭൂമിയുടെ ഒത്ത നടുക്കാണ് ഈ പടുകൂറ്റന്‍ കണ്ണാടിവീടുള്ളത്. ചൂട് പ്രതിഫലിപ്പിക്കുന്ന സോളാര്‍കൂള്‍ ഗ്ലാസ് വീടിന് തനതായ രൂപം നല്‍കുകയും കഠിനമായ മരുഭൂമിയിലെ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും ഇന്റീരിയറുകള്‍ മിതമായി നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.

കൂടാതെ, ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളെ ഫില്‍ട്ടര്‍ ചെയ്യുകയും ചെയ്യുന്നു. പരിസ്ഥിതി സൗഹൃദമായ ഫോം റൂഫും സോളാര്‍-ഇലക്ട്രിക് സംവിധാനവും വീടിനെ സുസ്ഥിരതയുടെ മാതൃകയാക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here