ലോകേഷ്- വിജയ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു; ‘വിക്രം’ സ്റ്റൈലില്‍ ടൈറ്റില്‍ ടീസര്‍

0
238

തന്‍റെ സിനിമകള്‍ പോലെതന്നെ അവയുടെ പബ്ലിസിറ്റി മെറ്റീരിയലുകളും കൂട്ടത്തില്‍ നിന്ന് വേറിട്ടു നില്‍ക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധ പുലര്‍ത്തുന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷിന്‍റെ കഴിഞ്ഞ ചിത്രം വിക്രം, അതിന്‍റ ടൈറ്റില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ ശ്രദ്ധ പിടിച്ചുപറ്റിയത് പബ്ലിസിറ്റി മെറ്റീരിയലുകളിലെ ഈ വൈവിധ്യം കൊണ്ടുകൂടി ആയിരുന്നു. ഏറെ ശ്രദ്ധേയമായിരുന്നു വിക്രത്തിന്‍റെ ടൈറ്റില്‍ ടീസര്‍. ഇപ്പോഴിതാ വിജയ്‍യെ നായകനാക്കി ലോകേഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിലും അതേ രീതിയിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാണികളില്‍ ആകാംക്ഷ ജനിപ്പിക്കും വിധമുള്ള 2.48 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ലിയോ എന്നാണ് ചിത്രത്തിന്‍റെ പേര്. നായക കഥാപാത്രത്തിന്‍റെ പേരാണ് ഇത് എന്ന തരത്തിലാണ് ടീസറില്‍ ടൈറ്റിലിന്‍റെ അവതരണം. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ്‍ലൈന്‍. ഈ ടാഗ്‍ലൈനിനെ അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ള വീഡിയോയില്‍ ചോക്കലേറ്റും ഒരു വാളും ഒരേ സമയം നിര്‍മ്മിക്കുന്ന നായകനെ കാണാം. ദ്രവ രൂപത്തിലുള്ള ചോക്കലേറ്റില്‍ മുക്കിയാണ് നായക കഥാപാത്രം ഇരുമ്പ് കാച്ചുന്നത്.

ചിത്രത്തില്‍ വിജയ്‍ക്കൊപ്പം എത്തുന്ന പത്ത് താരങ്ങളുടെ പേരുവിവരങ്ങള്‍ അണിയറക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൌതം വസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. തമിഴിലെ പ്രമുഖ ബാനര്‍ ആയ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. ഛായാ​ഗ്രഹണം മനോജ് പരമഹംസ, സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിം​ഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. ഒക്ടോബര്‍ 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here