ഹൈദരബാദ്: അമിത ഫോണുപയോഗത്താൽ കാഴ്ച നഷ്ടപ്പെട്ട് യുവതി.ഹൈദരാബാദിലാണ് സംഭവം. ജോലിക്ക് ശേഷവും മണിക്കൂറുകളോളം സ്മാർട്ട്ഫോണിലിൽ ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ഇരുട്ടിൽ ഫോൺ ഉപയോഗിക്കുന്ന ശീലവും ഇവർക്ക് ഉണ്ടായിരുന്നു.
ഇതാണ് കാഴ്ച നഷ്ടപ്പെടാനുള്ള കാരണമെന്ന് പറയപ്പെടുന്നു. ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീർ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. രാത്രിയിൽ ഇരുട്ടുമുറിയിൽ മണിക്കൂറുകളോളം ഫോണിൽ നോക്കുന്ന ശീലമാണ് 30കാരിക്ക് പ്രശ്നമായത്. ഇടയ്ക്കിടെ വരുന്ന കാഴ്ചക്കുറവ്, വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ എന്നീ ലക്ഷണങ്ങളുമായാണ് യുവതി ഡോക്ടറെ സമീപിച്ചത്.
പരിശോധിച്ചപ്പോൾ സ്‌മാർട് ഫോൺ വിഷൻ സിൻഡ്രോം (എസ്‌വിഎസ്) ആണെന്ന് കണ്ടെത്തി. സ്‌മാർട് ഫോൺ വിഷൻ സിൻഡ്രോം മിക്കപ്പോഴും അന്ധത ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ഡിജിറ്റൽ സ്‌ക്രീനിലേക്ക് തുടർച്ചയായി കൂടുതൽ സമയം നോക്കുന്നവരെയാണ് സ്മാർട് ഫോൺ വിഷൻ ഡിസോർഡർ ബാധിക്കുന്നത്.
ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് ഇടവേള എടുക്കുന്നത് ആവശ്യമാണ്. ഒരു ഡിജിറ്റൽ സ്‌ക്രീൻ (‘20-20-20 റൂൾ’) ഉപയോഗിക്കുമ്പോൾ 20 അടി അകലെയുള്ള എന്തെങ്കിലും വസ്തുവിലേക്ക് നോക്കാൻ ഓരോ 20 മിനിറ്റിലും 20 സെക്കൻഡ് ഇടവേള എടുക്കണം. കൂടാതെ ഫോണിലെ ഡിസ്പ്ലേ ഫീച്ചറുകൾ ഉപയോഗപ്പെടുത്തുന്നതും നല്ലതാണെന്നാണ് വിദഗ്ധരുടെ ഉപദേശം.
ഡുനോട്ട് ഡിസ്‌റ്റേർബിനേക്കാളേറെ മികച്ച ഫോക്കസ് മോഡ് അതിന് ഉദാഹരണമാണ്. സദാ ശല്യം ചെയ്യുന്ന ആപ്പുകളെ നിയന്ത്രിക്കാൻ ഇതാണ് ഏറ്റവും ഉചിതം. ബെഡ്‌ടൈം മോഡിലിട്ടാൽ ഫോണുകൾ നിശബ്ദമാകാറുണ്ട്. സ്‌ക്രീനും വാൾപേപ്പറും കുറച്ചു മാത്രമേ പ്രകാശിക്കൂ.
സ്‌ക്രീൻ ബ്ലാക് ആൻഡ് വൈറ്റായി മാറും. സ്‌ക്രീനിൽ നിന്നുവരുന്ന അപകടകാരിയായ നീല വെളിച്ചം അടക്കമുള്ളവ ഇല്ലാതാക്കാം. നീല വെളിച്ചം ഉറക്കം കെടുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചുണ്ട്. ബെഡ്‌ടൈം മോഡും ഡിജിറ്റൽ വെൽബീയിങ്ങിൽ കിട്ടും. തങ്ങൾ എത്ര സമയം ഫോൺ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചു പോലും അറിവില്ലാത്തവരാണ് പലരും.