ശൈശവ വിവാഹം: അസമിൽ വ്യാപക അറസ്റ്റ്; മൂന്നു ദിവസത്തിനിടെ അറസ്റ്റിലായത് 2,278 പേർ

0
205

ഗുവാഹതി: അസമിൽ ശൈശവ വിവാഹത്തിനെതിരെ സർക്കാർ നടപടി കർശനമാക്കിയതോടെ മൂന്നു ദിവസത്തിനിടെ അറസ്റ്റിലായത് രണ്ടായിരത്തിലധികം പേർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ നിർദേശപ്രകാരം ശൈശവ വിവാഹത്തിനെതിരായ നടപടിയുടെ ഭാഗമായി 4,074 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതുവരെ 2,278 പേർ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി അറസ്റ്റിലായി.

ശൈശവ വിവാഹം ആരോപിക്കപ്പെടുന്നവരുടെ പട്ടികയിൽ 8,000ത്തോളം പേരുണ്ടെന്നും ശേഷിക്കുന്നവർക്കെതിരെയും ഉടൻ നടപടിയുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.

ശൈശവ വിവാഹത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ജനുവരി 23ന് ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. തുടർന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പൊലീസ് അറസ്റ്റ് നടപടികൾ തുടങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ച പുരുഷൻമാരെയും ഇതിന് കൂട്ടുനിന്ന പുരോഹിതൻമാരെയുമാണ് അറസ്റ്റ് ചെയ്തത്.

ഭർത്താക്കൻമാരെ പൊലീസ് കൊണ്ടുപോയതോടെ പലയിടത്തും ഭാര്യമാർ പൊലീസ് സ്റ്റേഷനിലെത്തി. ദുബ്രി ജില്ലയിലെ തമാര പൊലീസ് സ്റ്റേഷനിൽ ബലം പ്രയോഗിച്ചാണ് പൊലീസ് ഇവരെ നീക്കിയത്. 14 വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ പോക്‌സോ നിയമപ്രകാരവും 14നും 18നും ഇടയിലുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെ ശൈശവ വിവാഹം തടയൽ നിയമപ്രകാരവും കേസെടുക്കുമെന്നും ഈ വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ശൈശവ വിവാഹം നടക്കുന്ന സമയത്ത് അത് തടയാതെ വിവാഹ ജീവിതം തുടങ്ങി ഏറെക്കഴിഞ്ഞ് നടപടി സ്വീകരിക്കുന്നതിനെതിരെ വ്യാപക വിമർശനമുയർന്നു. കൂടാതെ പല പെൺകുട്ടികളും വിവാഹസമയത്ത് പ്രായപൂർത്തിയാകാത്തവരാണെന്നും ആധാറിലെ വയസ് തെറ്റായി രേഖപ്പെടുത്തിയത് അടിസ്ഥാനപ്പെടുത്തിയാണ് നടപടിയെന്നും ആക്ഷേപമുണ്ട്.

കോൺഗ്രസ്, അസം തൃണമൂൽ കോൺഗ്രസ്, ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്, ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തുടങ്ങിയ സംഘടനകൾ നടപടിയെ വിമർശിച്ച് രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here