നാഗ്‌പൂര്‍: മോശം ഫോം തുടരുന്ന ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ സ്ഥാനം ടീമില്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി ബിസിസിഐ ഒഫീഷ്യല്‍. വൈസ് ക്യാപ്റ്റനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ പാടില്ലായെന്ന നിയമമൊന്നും ഇല്ല എന്നാണ് പേര് വെളിപ്പെടുത്താത്ത ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് വ്യക്തമാക്കിയത്. നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍.
ഓപ്പണര്‍ സ്ഥാനത്ത് ശുഭ്‌മാന്‍ ഗില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും കെ എല്‍ രാഹുലിന് ടീം അനാവശ്യമായി അവസരങ്ങള്‍ നല്‍കുന്നതായുള്ള വിമര്‍ശനം ശക്തമാണ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 71 പന്ത് നേരിട്ട രാഹുല്‍ 20 റണ്‍സുമായി പുറത്തായിരുന്നു. ഇതിന് പിന്നാലെ രാഹുലിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ബിസിസിഐ വൃത്തങ്ങള്‍. ‘വൈസ് ക്യാപ്റ്റന് സംരക്ഷണം ഉണ്ടെന്ന് ആരാണ് പറഞ്ഞത്. വൈസ് ക്യാപ്റ്റനെ പുറത്താക്കാന്‍ പാടില്ല എന്ന നിയമമൊന്നുമില്ല. ഭാവി ക്യാപ്റ്റനായി പരിഗണിക്കപ്പെടുന്ന താരമാണ് രാഹുല്‍ എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഫോമിലുള്ള താരങ്ങള്‍ ബഞ്ചിലിരിക്കുമ്പോള്‍ ആരുടെ കസേരയും സുരക്ഷിതമല്ല’ എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞത്.
മൂന്ന് ഫോര്‍മാറ്റിലും കെ എല്‍ രാഹുലിന്‍റെ ഫോമില്ലായ്‌മ പ്രകടനമാണ്. സെഞ്ചൂറിയനിലെ സെഞ്ചുറിക്ക് ശേഷം രാഹുല്‍ ടെസ്റ്റില്‍ മികവ് കാട്ടിയിട്ടില്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 2021 ഡിസംബര്‍ 26നായിരുന്നു ഈ ശതകം. അവസാന 9 ഇന്നിംഗ്‌സില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് രാഹുലിനുള്ളത്. അതാണ് രാഹുലിന്‍റെ അവസാന 30+ സ്കോറും. സെഞ്ചൂറിയന്‍ സെഞ്ചുറിക്ക് ശേഷം 50, 8, 12, 10, 22, 23, 10, 2, 20 എന്നിങ്ങനെയായിരുന്നു രാഹുലിന്‍റെ സ്‌കോര്‍.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസീസിനെതിരെ നാഗ്‌പൂര്‍ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ 20 റണ്‍സില്‍ പുറത്തായതോടെ രാഹുല്‍ വലിയ വിമര്‍ശനം നേരിടുകയാണ്. നാഗ്‌പൂരില്‍ ഓസ്ട്രേലിയക്കെതിരെ ഗില്ലിനെ പുറത്തിരുത്തി കളിപ്പിച്ചിട്ടും രാഹുലിന് കയ്യടി വാങ്ങുന്ന പ്രകടനം പുറത്തെടുക്കാനായില്ല. കരിയറിലാകെ 46 ടെസ്റ്റുകള്‍ കളിച്ച രാഹുലിന് 34.08 ശരാശരിയില്‍ ഏഴ് സെഞ്ചുറികളോടെ 2624 റണ്‍സാണ് സമ്പാദ്യം. അതേസമയം പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച ഫോമിലായിട്ടും അവസരം കാത്തിരിക്കുകയാണ് ശുഭ്‌മാന്‍ ഗില്‍. ടീം ഇന്ത്യക്കായി 13 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഗില്‍ 32.0 ശരാശരിയില്‍ 736 റണ്‍സാണ് നേടിയിട്ടുള്ളത്.