എഐഎഡിഎംകെ- ബിജെപി ഉരസൽ ശക്തമാകുന്നു? തെരഞ്ഞെടുപ്പ് പോസ്റ്ററിൽ നിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കി

0
126

ചൈന്നൈ: തമിഴ്നാട്ടിൽ പ്രതിപക്ഷമായ എഐഎഡിഎംകെയും സഖ്യകക്ഷിയായ ബിജെപിയും തമ്മിൽ ഉരസലുകൾ ഉണ്ടെന്ന അഭ്യൂഹം ശക്തമാകുന്നു. ഉപതെരഞ്ഞെടുപ്പ് പോസ്റ്ററിൽ നിന്ന് എഐഎഡിഎംകെ ബിജെപിയെ ഒഴിവാക്കിയെന്നതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരം. ഈ മാസം 27ന് ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇപിഎസ് വിഭാ​ഗത്തിന്റെ ഈ നീക്കം. ബിജെപി എതിർപ്പുമായി രം​ഗത്തെത്തിയതിനു പിന്നാലെ പോസ്റ്റർ മാറ്റിയൊട്ടിച്ചു.

ബുധനാഴ്ച രാവിലെ എഐഎഡിഎംകെ പാർട്ടി ഓഫീസിൽ പതിച്ച തെരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളുടെ ചിത്രങ്ങളഉണ്ടായിരുന്നില്ല. സഖ്യത്തിന്റെ പേരും ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിൽ (എൻഡിഎ) നിന്ന് ‘നാഷണൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് അലയൻസ്’ എന്നാക്കി മാറ്റിയിരുന്നു. സംഭവം ചർച്ചയായതോടെ കൃത്യമായ മറുപടി നൽകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. അതിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ സഖ്യത്തിന്റെ പേര് പോസ്റ്ററിൽ പുനഃസ്ഥാപിച്ചു.

എടപ്പാടി പളനി സ്വാമി (ഇപിഎസ്) ബിജെപിക്ക് വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ അവരുടെ സ്ഥാനം അവർ മനസിലാക്കണം എന്നാണ് സംഭവത്തെക്കുറിച്ച് പേര് വെളിപ്പെടുത്താനാ​ഗ്രഹിക്കാത്ത ഒരു എഐഎഡിഎംകെ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തമിഴ്നാട്ടിൽ  234 അംഗ നിയമസഭയിൽ നാല് എംഎൽഎമാരാണ് ബിജെപിക്കുള്ളത്.  കഴിഞ്ഞ ഒന്നര വർഷമായി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി ബിജെപി സ്വയം ഉയർത്തിക്കാട്ടാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ജയലളിതയുടെ മരണത്തെ തുടർന്ന് എഐഎഡിഎംകെയിൽ ഇപിഎസ് ഒപിഎസ്സും പക്ഷങ്ങൾ തമ്മിൽ നേതൃത്തർക്കം ഉടലെടുത്തതോടെയായിരുന്നു ബിജെപിയുടെ നീക്കം.

2021ൽ മറ്റൊരു സഖ്യകക്ഷിയായ ജികെ വാസന്റെ തമിഴ് മനില കോൺഗ്രസാണ് ഈറോഡ് ഈസ്റ്റ് സീറ്റിൽ മത്സരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ അവിടെമത്സരിക്കുമെന്ന് ബിജെപി സൂചന നൽകി. അതോടെയാണ് ഇപിഎസ് തമിഴ് മനില കോൺഗ്രസിൽ നിന്ന് സീറ്റ് നേടി എഐഎഡിഎംകെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നില്ല. അവരുടെ മരണശേഷം പാർട്ടിയെ സംയുക്തമായി നയിച്ച ഒ പനീർസെൽവവും (ഒപിഎസ്) ഇപിഎസും ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പരാജയമായിരുന്നു ഫലം.

പോസ്റ്ററിൽ നിന്ന് പേരും മറ്റും ഒഴിവാക്കിയത് ഒരു തെറ്റിദ്ധാരണയാണെന്ന്  ഞങ്ങൾ കരുതുന്നു. തെറ്റ് മനസിലാക്കിയപ്പോൾ അവർ അത് പരിഹരിച്ചു. ഞങ്ങൾക്കിടയിൽ ഒരു അഭിപ്രായവ്യത്യാസങ്ങളും ഇല്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണൻ തിരുപ്പതി പ്രതികരിച്ചു. എന്നാൽ, ഈ പ്രതികരണത്തെ രാഷ്ട്രീയവൃത്തങ്ങൾ മുഖവിലയ്ക്കെടുക്കുന്നില്ല. മാറിയ  സാഹചര്യത്തിൽ ബിജെപി ദേശീയ നേതൃത്വം ഇന്ന് നിലപാട് വെളിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here