രോഗാവസ്ഥ മൂര്‍ഛിച്ചു; ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി മഅ്‌ദനി സുപ്രിംകോടതിയെ സമീപിക്കും

0
306

ബെം​ഗളൂരു: ബാംഗ്ലൂര്‍ സഫോടനക്കേസില്‍ സുപ്രിംകോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്‌ദനി രോഗാവസ്ഥ മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി ഉടന്‍ സുപ്രിംകോടതിയെ സമീപിക്കും. വിചാരണ നടക്കുന്ന പ്രത്യേക കോടതിയില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്‌ തേടി സമര്‍പ്പിച്ചിരിക്കുന്ന ഹരജി പിന്‍വലിച്ചാണ്‌ സുപ്രിംകോടതിയെ സമീപിക്കുക.

മൂന്നാഴ്‌ച മുമ്പ്‌ പക്ഷാഘാത ലക്ഷണങ്ങള്‍ മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന്‌ മഅ്‌ദനിയെ ബംഗ്ലൂരിലെ ആസ്റ്റര്‍ സി.എം.ഐ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന്‌ എം.ആര്‍.ഐ സ്‌കാന്‍ ഉള്‍പ്പെടെയുള്ള വിവിധ പരിശോധനകള്‍ക്ക്‌ വിധേയമാക്കി. പരിശോധനകളില്‍ ഹൃദയത്തില്‍ നിന്ന്‌ തലച്ചോറിലേക്ക്‌ പോകുന്ന പ്രധാന ഞരമ്പുകളില്‍ രക്തയോട്ടം വളരെ കുറഞ്ഞ രീതിയിലാണെന്നും അതിനാലാണ്‌ ഇടവിട്ട്‌ കൈകള്‍ക്ക്‌ തളര്‍ച്ച, സംസാരശേഷിക്കുറവ്‌ തുടങ്ങിയ പക്ഷാഘാത ലക്ഷണങ്ങള്‍ ഉണ്ടാകുന്നതെന്നും അത്‌ പരിഹരിക്കാന്‍ ഉടന്‍ ശസ്ത്രക്രിയ വേണമെന്നും നിര്‍ദേശിച്ചിരുന്നു.

തുടര്‍ന്ന്‌ കേരളത്തിലെ വിവിധ ആശുപത്രികളിലെയും ബെം​ഗളൂരുവിലെ സൗഖ്യ ഹോസ്‌പിറ്റല്‍, നാരായണ ഹൃദയാലയ തുടങ്ങിയ ആശുപത്രികളിലേയും വിദഗ്‌ദ ഡോക്‌ടര്‍മാരുടെ നിര്‍ദേശങ്ങള്‍ തേടുകയും ചെയ്‌തിരുന്നു. അവരെല്ലാവരും മഅ്‌ദനിയെ അടിയന്തര ശാസ്‌ത്രക്രിയയ്ക്ക്‌ വിധേയമാക്കണമെന്ന്‌ അഭിപ്രായപ്പെട്ടങ്കിലും കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത (ക്രിയാറ്റിന്റെ അളവ്‌ കൂടിയ സ്ഥിതി) വളരെ കുറഞ്ഞ സാഹചര്യത്തില്‍ അത് അതീവ സങ്കീര്‍ണമായിരിക്കും എന്നാണ്‌ എല്ലാ ഡോക്‌ടര്‍മാരുടെയും അഭിപ്രായം.

സര്‍ജറിക്കും അതിന്‌ മുമ്പുള്ള പരിശോധനകള്‍ക്കുമായി നൽകപ്പെടുന്ന ഡൈ ഇന്‍ജക്ഷനുകള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനക്ഷമത കുറവായ കിഡ്‌നി‌യെ നിശ്ചലമാക്കുന്ന സാഹചര്യം ഉണ്ടായേക്കാം എന്നുള്ള ഭീതി നിലനില്‍ക്കുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ അടിയന്തരമായി സുപ്രിംകോടതിയെ സമീപിക്കാനുള്ള നീക്കമാരംഭിച്ചത്‌. നിലവില്‍ വിചാരണ നടത്തുന്ന പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കുമെന്നും തുടര്‍ന്ന്‌ അടുത്ത ദിവസം തന്നെ സുപ്രിംകോടതിയെ സമീപിക്കുമെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ റജീബ്‌ അറിയിച്ചു.

ദീര്‍ഘകാലങ്ങളായി ഉയര്‍ന്ന അളവില്‍ തുടരുന്ന പ്രമേഹവും രക്തസമ്മര്‍ദവും മഅ്‌ദനിയുടെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്‌. ക്രിയാറ്റിന്റെ അളവ്‌ വളരെ ഉയര്‍ന്നു തന്നെ തുടരുന്ന സാഹചര്യത്തില്‍ ദിവസത്തിലെ മുഴുവന്‍ സമയവും ശക്തമായ തണുപ്പ്‌ ശരീരത്തില്‍ അനുഭവപ്പെടുന്നുണ്ട്‌. കണ്ണിന്റെ കാഴ്‌ച കുറയുകയും ശരീരം കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്യുന്നു. ഒമ്പത്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ മഅ്‌ദനിയെ പക്ഷാഘാതവും മറ്റ്‌ അനുബന്ധ അസുഖങ്ങളേയും തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്‌ധ ചികിത്സകള്‍ക്ക്‌ വിധേയമാക്കുകയും ചെയ്‌തിരുന്നതാണ്‌.

അന്ന്‌ പക്ഷാഘാതം ശരീരത്തിലെ മറ്റ്‌ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നില്ലെങ്കിലും ദീര്‍ഘനാളായി നിരവധി രോഗങ്ങള്‍ക്ക്‌ ചികിത്സയിലുള്ള മഅ്‌ദനിയുടെ ആരോഗ്യത്തെ അത്‌ സാരമായി ബാധിച്ചെന്ന്‌ ഡോക്‌ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഡയബറ്റിക്‌ ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകള്‍ക്ക്‌ സംഭവിച്ച ബലക്ഷയം നിമിത്തം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമുള്ള ചികിത്സകള്‍ വേണ്ടവിധം ഫലപ്രദമാകാത്ത അവസ്ഥയും തുടരുന്നുണ്ടെന്നും റജീബ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here