7 വർഷം മുന്‍പ് മോഷണം പോയ ഒരു ലക്ഷം രൂപ തിരികെക്കിട്ടിയിട്ടും ഉപയോഗിക്കാനാവുന്നില്ല, കാരണം…

0
230

മുംബൈ: ഏഴ് വർഷം മുന്‍പ് മോഷണം പോയ 1,10,000 രൂപ തിരികെക്കിട്ടിയെങ്കിലും ഉപയോഗിക്കാനാവാതെ മുംബൈ സ്വദേശി പ്രതിസന്ധിയില്‍. 2016 നവംബറില്‍ അസാധുവാക്കപ്പെട്ട (ഡീമോണിറ്റൈസേഷന്‍) നോട്ടുകളാണ് തിരികെക്കിട്ടിയത് എന്നതാണ് 50കാരനായ മുസ്തഫ നേരിടുന്ന പ്രതിസന്ധി. സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ലാത്തതും പൊലീസിന്‍റെ അനാസ്ഥയുമാണ് കറന്‍സികള്‍ മാറി ലഭിക്കാത്തതിന് കാരണമെന്ന് മുസ്തഫയുടെ അഭിഭാഷകന്‍ പറഞ്ഞെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്തു.

നോട്ട് നിരോധത്തിന് മുന്‍പാണ് 2016ല്‍ മുസ്തഫയുടെ ഹോട്ടൽ കൊള്ളയടിക്കപ്പെട്ടത്. പൊലീസ് പിന്നീട് പ്രതികളെ പിടികൂടുകയും 1,10,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു. നടപടിക്രമങ്ങള്‍ നീണ്ടുപോയതോടെ പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 2019ൽ മുസ്തഫ ദക്ഷിണ മുംബൈയിലെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ച് പുതിയ കറൻസിയായി പണം മുസ്തഫയ്ക്ക് തിരികെനല്‍കാന്‍ കോടതി കൊളാബ പൊലീസിന് നിര്‍ദേശം നല്‍കി.

പൊലീസ് പഴയ നോട്ടുകളാണ് മുസ്തഫയ്ക്ക് കൈമാറിയത്. നിരോധിക്കപ്പെട്ട കറന്‍സികള്‍ക്കു പകരം പുതിയ കറന്‍സികള്‍ നല്‍കണമെന്ന മുസ്തഫയുടെ അപേക്ഷ ആര്‍.ബി.ഐ ഡീമോണിറ്റൈസേഷന്‍ കൌണ്ടറിലെ ഉദ്യോഗസ്ഥർ നിരസിച്ചു. കറൻസി നമ്പറുകൾ പരാമർശിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പണം പൊലീസ് വഴി കൈമാറണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

മുസ്തഫയുടെ അഭിഭാഷകന്‍ സുനില്‍ പാണ്ഡെ ഇത്തരം കേസുകളിൽ കോടതിയിൽ നിന്നുള്ള രേഖകളുടെയും ഉത്തരവുകളുടെയും ആവശ്യകത വ്യക്തമാക്കുന്ന സർക്കാരിന്റെ വിജ്ഞാപനം ആവശ്യപ്പെട്ടു. വിജ്ഞാപനം ലഭിച്ചതോടെ വീണ്ടും കോടതിയെ സമീപിച്ചു. കോടതി ഉത്തരവുണ്ടായിട്ടും മുസ്തഫയ്ക്ക് ഇതുവരെ കറന്‍സികള്‍ മാറ്റി ലഭിച്ചില്ല. ഫെബ്രുവരി 9ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പുതിയ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ കറൻസിയായി പണം തിരികെ നൽകാൻ ആർ.ബി.ഐയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുസ്തഫ.

LEAVE A REPLY

Please enter your comment!
Please enter your name here