സൗദി അറേബ്യയിലെ ആശുപത്രിയില്‍ തീപിടുത്തം

0
411

റിയാദ്: സൗദി അറേബ്യയില്‍ ആശുപത്രിയില്‍ തീപിടുത്തം. മക്ക അല്‍ സാഹിര്‍ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇവിടുത്തെ മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നാണ് തീ പടര്‍ന്നുപിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ വ്യാപിച്ചു.

ഓപ്പറേഷന്‍ തീയറ്ററില്‍ വൈദ്യുതി നിലയ്ക്കുന്ന അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനായി സജ്ജീകരിച്ചിരുന്ന യുപിഎസിന്റെ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു ആദ്യം തീ പിടിച്ചത്. ഇവിടെ നിന്ന് കനത്ത പുക ഉയര്‍ന്നപ്പോള്‍, തൊട്ടടുത്തുള്ള തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. 23 രോഗികളെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയത്. എന്നാല്‍ തീപിടുത്തം കാരണമായി ആളപായമോ പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ആശുപത്രിയില്‍ അറ്റകുറ്റപ്പണികളുടെ കരാര്‍ ലഭിച്ച കമ്പനിയിലെ ജീവനക്കാര്‍ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ പതിവ് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here