പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരി മരിച്ചതിന് പിന്നാലെ രാജ്യത്ത് കോഴിഫാമില്‍ കൂട്ട പക്ഷിപ്പനി കേസ്

0
208

പക്ഷിപ്പനി വലിയ ആഗോള പ്രതിസന്ധിയായി ഉയരുകയാണ് നിലവില്‍. കോഴിയും താറാവുമടക്കം മനുഷ്യര്‍ ഭക്ഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പക്ഷികളില്‍ അടക്കം പക്ഷിപ്പനി വ്യാപകമാകാറുണ്ടെങ്കിലും ഇത് മനുഷ്യരിലേക്ക് പകരുന്നത് മനുഷ്യര്‍ ഇതുമൂലം മരിക്കുന്നതുമെല്ലാം അപൂര്‍വമായി മാത്രം നടക്കുന്നതാണ്.

അതിനാല്‍ തന്നെ കംബോഡിയയില്‍ പക്ഷിപ്പനി ബാധിച്ച് പതിനൊന്നുകാരി മരിച്ചുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. ഇതിന് പിന്നാലെ ഇപ്പോഴിതാ രാജ്യത്തും പക്ഷിപ്പനി കോഴികളെയും താറാവുകളെയും വ്യാപകമായി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ജാര്‍ഖണ്ഡില്‍ ഒരു ഫാമില്‍ നിന്നടക്കം നാലായിരത്തോളം കോഴികളെയും താറാവുകളെയും പക്ഷിപ്പനി ഭീതിയില്‍ കൊല്ലാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ഫാമിലെ പക്ഷികളില്‍ H5N1 വൈറസ് അഥവാ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം വന്നിരിക്കുന്നത്. കോഴികളും താറാവുമടക്കം എണ്ണൂറോളം പക്ഷികള്‍ വൈറസ് ബാധയേറ്റ് ഇവിടെ ചത്തു. ഇതോടെ ഫാമിലെ ബാക്കിയുള്ളതും ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളത് അടക്കം നാലായിരത്തോളം കോഴികളെയും താറാവുകളെയുമെല്ലാം കൊല്ലാനാണ് തീരുമാനം.

ഫെബ്രുവരി രണ്ടോടെയാണത്രേ ഫാമിലെ കോഴികളിലും താറാവുകളിലും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതോടെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം വന്നപ്പോള്‍ പക്ഷിപ്പനിയാണെന്ന സ്ഥിരീകരണം ആവുകയായിരുന്നു.

പ്രദേശത്ത് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ പക്ഷിപ്പനി പ്രതിരോധ നടപടികള്‍ നടന്നുവരികയാണ്. ഫാമിന്‍റെ പത്ത് കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണത്തിലാണ്. മനുഷ്യരുടെ സാമ്പിളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കംബോഡിയയില്‍ പതിനൊന്ന് പേര്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതിലുള്‍പ്പെടുന്ന പതിനൊന്നുകാരിയാണ് മരിച്ചത്. കുട്ടിയുടെ അച്ഛനും രോഗം സ്ഥിരീകരിച്ചവരിലുള്‍പ്പെടുന്നു.

കടുത്ത പനി, അസഹനീയമായ മുതുകുവേദന, ശ്വാസതടസം, ജലദോഷം, കഫത്തില്‍ രക്തം എന്നിവയാണ് പക്ഷിപ്പനിയുടെ ലക്ഷണമായി വരുന്നത്. പക്ഷിപ്പനി ബാധിച്ച് ഒരു മരണം സ്ഥിരീകരിച്ചതിനും റെക്കോര്‍ഡ് അളവില്‍ പക്ഷികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനും പിന്നാലെ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here