വയനാട്: വയനാട് തലപ്പുഴ നാൽപ്പത്തിനാലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കണ്ണൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. തീ പടരുന്നത് കണ്ട് യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. കാർ പൂർണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ദിവസങ്ങൾക്ക് മുൻപ് തലപ്പുഴയിൽ മറ്റൊരു വാഹനം കത്തി നശിച്ചിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളം കുറുപ്പംപടിയിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം സംഭവിച്ചിരുന്നു. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഡൈവർ കാർ നിർത്തി പുറത്തേക്കിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. പുണ്ടക്കുഴി സ്വദേശി എൽദോസ് ആണ് കാർ ഓടിച്ചിരുന്നത്. മാരുതി ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. കാർ പൂർണ്ണമായും കത്തിനശിച്ചു. തിരുവനന്തപുരത്തും കാര്‍ ഓടുന്നതിനിടെ കത്തി നശിച്ചിരുന്നു. കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തിൽ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപിടിച്ച് മരിച്ചിരുന്നു.
കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് കണ്ണൂരിലുണ്ടായ അപകടത്തില്‍ മരിച്ചത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.