736 കോടി ലാഭം‌, ചരിത്രത്തിൽ ആദ്യം; ചാർജ് കൂട്ടാൻ ലാഭം മറച്ചുവച്ച് കെഎസ്ഇബിയുടെ കള്ളക്കളി

0
291

കൊച്ചി ∙ ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തിയ കെഎസ്ഇബി, ഇക്കാര്യം മറച്ചുവയ്ക്കുന്ന റിപ്പോർട്ടുമായി നിരക്കുവർധന ആവശ്യപ്പെട്ടു വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. പുറത്തുനിന്നുള്ള ഏജൻസി ഓഡിറ്റ് ചെയ്ത കണക്കിൽ 2021–22ൽ വൈദ്യുതി ബോർഡിന്റെ ചെലവ് 16,249.35 കോടി രൂപയാണ്. വരുമാനം 16,985.62 കോടി രൂപ. ലാഭം 736.27 കോടി രൂപ. സാമ്പത്തികവർഷം തുടങ്ങുംമുൻപുള്ള കണക്കെടുപ്പിൽ 998.53 കോടി കമ്മി കണക്കാക്കിയിടത്താണ് 736.27 കോടി ലാഭമുണ്ടാക്കിയത്.

എന്നാൽ ഇൗ ലാഭം മറച്ചുവയ്ക്കാൻ ചെലവ് അധികരിച്ചു കാണിച്ച്, ബോർഡ് റഗുലേറ്ററി കമ്മിഷനു മുന്നിൽ ട്രൂയിങ് അപ് പെറ്റിഷൻ നൽകി. ഇതിൽ വരവും ചെലവും 16,635.94 കോടി എന്ന ഒരേ തുകയിലെത്തിച്ചു. 4 വർഷം തുടർച്ചയായി വൈദ്യുതി നിരക്കു വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അടുത്ത സാമ്പത്തിക വർഷം മാത്രം നിരക്കുവർധനയിലൂടെ 1044.43 കോടി രൂപ ലഭിക്കണമെന്നാണ് ആവശ്യം. യഥാർഥ വരവുചെലവു കണക്കുകൾ പുറം ഓഡിറ്റിങ്ങിനു ശേഷം സാമ്പത്തികവർഷം പൂർത്തിയാകുമ്പോൾ റഗുലേറ്ററി കമ്മിഷനു നൽകുന്നതാണ് ട്രൂയിങ് അപ് പെറ്റിഷൻ.

2021–22ൽ ലാഭം കൈവരിച്ച ബോർഡ് തുടർന്ന് 2022 ജൂണിൽ നിരക്കു കൂട്ടുകയും ചെയ്തു. ഇതിലൂടെ വർഷം 1000 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. ഇൗ വർഷത്തെ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ.

കാലവർഷത്തിൽ ഡാമുകൾ നിറഞ്ഞുകവിഞ്ഞതും ജലവൈദ്യുതി കൂടുതൽ ഉൽപാദിപ്പിച്ചതും മൂലം പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ കുറഞ്ഞു. കൂടുതൽ വൈദ്യുതി വിൽക്കാനും കഴിഞ്ഞു. ഇതു രണ്ടുമാണു ബോർഡിനെ ലാഭത്തിലാക്കിയത്. ബോർഡ് 1500 കോടി രൂപ ലാഭമുണ്ടാക്കുമെന്നാണു മുൻ ചെയർമാൻ ബി. അശോക് ചുമതലയൊഴിഞ്ഞപ്പോൾ പറഞ്ഞത്. അതാണ് ഓഡിറ്റ് ചെയ്ത കണക്കിൽ 736.27 കോടിയായി കുറഞ്ഞത്.

മൂന്നു വിഭാഗങ്ങളും ലാഭത്തിൽ

ബോർഡിന്റെ 3 വിഭാഗങ്ങളും ലാഭത്തിലാണ്. ജനറേഷൻ യൂണിറ്റ് 116.38 കോടി രൂപയും ട്രാൻസ്മിഷൻ യൂണിറ്റ് 119.99 കോടിയും ഡിസ്ട്രിബ്യൂഷൻ യൂണിറ്റ് 253.50 കോടിയും ലാഭമുണ്ടാക്കിയെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. വസ്തുതകൾ ഇതായിരിക്കെയാണു ലാഭവും നഷ്ടവുമില്ലെന്ന കണക്കുമായി ബോർഡ് ചാർജ് വർധന ആവശ്യപ്പെട്ടിരിക്കുന്നത്. ഇൗ സാമ്പത്തിക വർഷം യൂണിറ്റിന് 40 പൈസ, അടുത്തവർഷം 36 പൈസ, 2025–26ൽ യൂണിറ്റിന് 13 പൈസ എന്നിങ്ങനെ വർധിപ്പിക്കണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here