ഹോങ്കോങ്: വിദേശസഞ്ചാരികൾക്കായി മെഗാ ഓഫറുമായി ഹോങ്കോങ്. അഞ്ചു ലക്ഷം സൗജന്യ വിമാന ടിക്കറ്റ് എന്ന വമ്പന്‍ ഓഫറാണ് ഹോങ്കോങ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഹെല്ലോ ഹോങ്കോങ്’ എന്ന പേരിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
കോവിഡിനുശേഷം സഞ്ചാരികളുടെ എണ്ണം കുറഞ്ഞതാണ് പുതിയ പദ്ധതികളെക്കുറിച്ച് ചിന്തിക്കാൻ ഹോങ്കോങ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. വിവിധ ഘട്ടങ്ങളിലായി വ്യത്യസ്ത രാജ്യക്കാർക്കായാണ് അഞ്ചു ലക്ഷം വിമാന ടിക്കറ്റുകൾ സൗജന്യമായി നൽകുക.
കാത്തേ പസിഫിക് എയർവേയ്‌സ്, ഹോങ്കോങ് എക്‌സ്പ്രസ്, ഹോങ്കോങ് എയർലൈൻസ് എന്നീ വിമാനങ്ങളിൽ ഹോങ്കോങ്ങിലെത്തുന്നവർക്കാണ് ഓഫർ ലഭിക്കുക. മാർച്ചിൽ ടിക്കറ്റ് വിതരണം ആരംഭിക്കും. ഹോങ്കോങ് വിമാനത്താവള അതോറിറ്റിയാണ് പദ്ധതിക്കു മേൽനോട്ടം വഹിക്കുന്നത്.
ഹോങ്കോങ്ങിൽ കോവിഡ് നിയന്ത്രണങ്ങൾ എടുത്തുമാറ്റിയതിനു ശേഷവും സഞ്ചാരികളുടെ ഒഴുക്ക് കാണാനാകുന്നില്ല. വിമാനത്താവളങ്ങൾ വഴി യാത്രക്കാർ എത്തിത്തുടങ്ങുന്നതേയുള്ളൂ. ‘ഹെലോ ഹോങ്കോങ്’ പദ്ധതി വഴി ടൂറിസം മേഖലയ്ക്ക് പദ്ധതി വഴി വലിയ തോതിൽ ഉണർവുണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം വ്യോമയാന മേഖലയ്ക്കും ഇത് കൂടുതൽ ഊർജമാകുമെന്നും കരുതപ്പെടുന്നു.
Here is the biggest welcome from Hong Kong: 500,000 flight tickets to visit our incredible city! Start planning a fun-filled trip with your family and friends — a host of new experiences and attractions are waiting for you! For more details: https://t.co/vue9YsUvgQ#HelloHongKong pic.twitter.com/txTy7z7Iqn
— Hong Kong (@discoverhk) February 3, 2023
വ്യോമയാനരംഗം പഴയ പടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർപോർട്ട് അതോറിറ്റി ഹോങ്കോങ് ചെയർമാൻ ജാക്ക് സോ പറഞ്ഞു. 2023ന്റെ ആരംഭത്തിൽ മികച്ച തുടക്കമാണ് ലഭിച്ചിട്ടുള്ളത്. യാത്രക്കാരുടെ എണ്ണം ഇനിയും കുതിച്ചുയരുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.