ഓർക്കാപ്പുറത്ത് എവിടെ നിന്നെങ്കിലും ഇത്തിരി കാശ് കിട്ടിയാൽ സന്തോഷിക്കാത്ത മനുഷ്യരുണ്ടോ? അതുപോലെ തന്നൊരു സന്തോഷമാണ് സ്പെയിനിൽ നിന്നുമുള്ള ഈ മനുഷ്യനും ഉണ്ടായിരിക്കുന്നത്. എന്നാൽ, ആ സന്തോഷം അധികനേരം നിലനിൽക്കുന്ന ഒന്നായിരുന്നില്ല.
ടോണോ പിനീറോ എന്ന സ്പാനിഷ് ബിൽഡറാണ് തന്റെ വീടിന്റെ ഭിത്തികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 47,000 പൗണ്ടിന്റെ അതായത് ഏകദേശം 46.5 ലക്ഷം രൂപ വരുന്ന നോട്ടുകൾ കണ്ടെത്തിയത്. ആറ് ചെറുകാനുകളിലായിട്ടായിരുന്നു നോട്ടുകൾ ഉണ്ടായിരുന്നത്. ആ പണം മാറ്റുന്നതിന് വേണ്ടി ബാങ്കിൽ പോയതോടെ ടോണോയുടെ സന്തോഷമെല്ലാം തീർന്നു.
ടോണോ കണ്ടെത്തിയതെല്ലാം ചില പഴയ നോട്ടുകൾ ആയിരുന്നു. അവ സ്വീകരിക്കുന്നത് ബാങ്ക് ഓഫ് സ്പെയിൻ നേരത്തെ തന്നെ നിർത്തിയിരുന്നു. 20 വർഷം മുമ്പ് 2002 -ലാണ് ഒമ്പത് ദശലക്ഷം പെസെറ്റ നോട്ടുകൾ നിർത്തലാക്കിയതായി ബാങ്ക് ഓഫ് സ്പെയിൻ അറിയിച്ചത്.
ഈ വാർത്ത കേട്ടതോടെ ടോണോ ആകെ നിരാശനായി. പണം മാറിക്കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് ബാങ്കിനോട് അന്വേഷിച്ചു. എന്നാൽ, എങ്ങനെയും നടക്കില്ല എന്നായിരുന്നു ബാങ്കിന്റെ ഭാഗത്ത് നിന്നുമുള്ള മറുപടി. എന്നാൽ, വെറും കയ്യോടെ മടങ്ങാൻ ടോണോ തയ്യാറായിരുന്നില്ല. അങ്ങനെ പുതിയ നോട്ടുകളുമായി മാറ്റം ചെയ്ത് ഏകദേശം 29 ലക്ഷം രൂപ ടോണോ വാങ്ങിയെടുത്തു.
ഫേസ്ബുക്കിൽ പരസ്യം കണ്ടതിനെ തുടർന്നാണ് ടോണോ ഈ വീട് വാങ്ങിയത്. അതിന് മുമ്പ് ഏകദേശം 40 വർഷത്തോളം ഈ വീട് ഒഴിഞ്ഞ് കിടക്കുകയായിരുന്നത്രെ. ഗലീസിയയിലെ ഈ വീട് നവീകരിക്കുമ്പോൾ കിട്ടിയ ആ പഴയ നോട്ടിൽ ചിലത് അതിന്റെ ഓർമ്മയ്ക്കായി ടോണോ സൂക്ഷിച്ച് വച്ചിട്ടുണ്ട്.