കേരളത്തിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്നത് 43 ലക്ഷം ടൺ മാലിന്യം, 18 ശതമാനം പ്ലാസ്റ്റിക്

0
178

തിരുവനന്തപുരം: കേരളത്തിൽ ഒരുവർഷമുണ്ടാകുന്ന മാലിന്യം 43,37,718.6 ടണ്ണെന്ന് റിപ്പോർട്ട്. ഇതിൽ 18 ശതമാനവും പ്ലാസ്റ്റിക്കാണ്. 10,26,497 ടണ്ണാണ് സംസ്ഥാനത്തെ അജെെവമാലിന്യം. ജെെവമാലിന്യം 33,11,221.6 ടണ്ണും. മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമ്പോഴാണ് കേരളത്തിൽ ഇത്രയേറെ അളവിൽ മാലിന്യമുണ്ടാകുന്നത്.

ഒറ്റത്തവണ ഉപയോ​ഗിക്കുന്നവയ്ക്ക് നിരോധനവും അല്ലാത്തവയുടെ ഉപയോ​ഗം കുറയ്ക്കാൻ ശ്രമമുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തിന് ഒട്ടു കുറവില്ലെന്നും ശുചിത്വമിഷന്റെ കണക്ക് വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കിനു മുന്നിലുള്ളത്‌ പേപ്പർ മാത്രമാണ്. 28 ശതമാനം.

സംസ്ഥാനത്തെ 1,07,11,989 വീടുകളിൽ ഉറവിട ജൈവമാലിന്യ സംസ്കരണ സംവിധാനമുള്ളത് 23,79,841 എണ്ണത്തിനുമാത്രമാണ്. 10,17,358 സ്ഥാപനങ്ങളിൽ 56,378-നും. കമ്യൂണിറ്റി കമ്പോസ്റ്റിങ് സംവിധാനത്തിലൂടെ 767.3 ടൺ ജൈവമാലിന്യം സംസ്കരിക്കുന്നുണ്ട്.

വീടുകളിലും ഫ്ളാറ്റുകളിലും സ്ഥാപനങ്ങളിലും ഉറവിട സംസ്കരണത്തിലൂടെ ഇല്ലാതാക്കുന്ന മാലിന്യത്തിന്റെ കണക്കെടുത്തിട്ടില്ല. ജൈവമാലിന്യം വീടുകളിലും സ്ഥാപനങ്ങിലുംതന്നെ സംസ്കരിക്കാൻ കേരളം പൂർണമായും സജ്ജമായില്ല.

ഹരിതകർമസേനയുടെ വാതിൽപ്പടി ശേഖരണത്തിന് യൂസർഫീ ഈടാക്കൽ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും നടപ്പായില്ല. പാഴ്‌വസ്തുവിന്റെ വിലയായി ക്ലീൻകേരള കമ്പനി മാസംതോറും ഹരിതകർസേനയ്ക്ക് 56 ലക്ഷം രൂപ നൽകും. ജൈവമാലിന്യം വീടുകളിൽനിന്ന് 1532.75, സ്ഥാപനങ്ങളിൽ 628.731 ടൺ വീതമാണ് മാസവും ശേഖരിക്കുന്നത്. അജൈവമാലിന്യം യഥാക്രമം 5242.038, 1161.103 ടൺ.

ക്ലീൻകേരള കമ്പനിയിലേക്ക്‌ 2135 ടൺ

ഒരുമാസം ക്ലീൻ കേരള കമ്പനി ശേഖരിക്കുന്ന ആകെ മാലിന്യം 2135.07 ടൺ ആണ്. ഇതിൽ തരംതിരിച്ച പ്ലാസ്റ്റിക്, ഇ-മാലിന്യം, ചില്ല്, തുണി, ചെരിപ്പ്, ബാഗ്, മരുന്ന് സ്ട്രിപ്പ് തുടങ്ങിയവ ഉൾപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here