കുട്ടികളില്‍ നിന്ന് മാതാപിതാക്കള്‍ പതിവായി ചോദിച്ച് മനസിലാക്കേണ്ട പത്ത് കാര്യങ്ങള്‍…

0
448

കുട്ടികളെ നല്ല ശീലങ്ങളിലൂടെ നയിച്ച് അവരെ മികച്ച വ്യക്തികളായി ഉയര്‍ത്തിക്കൊണ്ട് വരികയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയൊരു ഉത്തരവാദിത്തം. വീട് മാത്രമല്ല സ്കൂളും സമൂഹവുമെല്ലാം ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നതാണ്. എന്നാല്‍ മാതാപിതാക്കളോളം ഉത്തരവാദിത്തമോ ബാധ്യതയോ ഇക്കാര്യത്തില്‍ മറ്റാര്‍ക്കുമുണ്ടാവില്ലല്ലോ.

കുട്ടികളെ നല്ലവഴിയിലേക്ക് നയിക്കണമെങ്കില്‍ മാതാപിതാക്കള്‍ക്ക് അവരുമായി തുറന്ന ബന്ധം ആവശ്യമാണ്. വളരെ ഫപ്രദമായ ആശയവിനിമയം ആയിരിക്കണം കുട്ടികളും മാതാപിതാക്കളും തമ്മിലുണ്ടാകേണ്ടത്. കുട്ടികളുടെ സ്വകാര്യതയിലേക്കും അവരുടെ വ്യക്തിപരമായ അഭിരുചികളിലേക്കും പരിമിതമായി മാത്രമേ മാതാപിതാക്കള്‍ പ്രവേശിക്കാവൂ. എന്നാല്‍ അവരുടെ ദൈനംദിന ജീവിതത്തെ കഴിയുന്ന രീതിയില്‍ വിലയിരുത്താനും അതില്‍ തിരുത്തലുകളാവശ്യമെങ്കില്‍ സ്നേഹപൂര്‍വം ആ തിരുത്തലുകള്‍ നടത്താനും മാതാപിതാക്കള്‍ക്ക് കഴിയണം.

ക്രെറ്റയുടെ ഹൃദയം മാറ്റാൻ ഹ്യുണ്ടായി, കിട്ടുക 452 കിമി മൈലേജും മോഹവിലയും!

ഇതിന് കുട്ടികളുടെ എല്ലാ കാര്യങ്ങളും അറിയേണ്ടതുണ്ട്. എങ്ങനെയാണ് കുട്ടിയുടെ എല്ലാ കാര്യങ്ങളും പക്ഷേ, മാതാപിതാക്കള്‍ക്ക് മനസിലാവുക?

തീര്‍ച്ചായായും അവരോട് ചോദിക്കുക തന്നെ. ഇത്തരത്തില്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളോട് മാതാപിതാക്കള്‍ നിത്യവും ചോദിക്കേണ്ട പത്ത് ചോദ്യങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്…

ഒന്ന്…

ഒരു ദിവസത്തില്‍ ഏറ്റവും നല്ലതായി കുട്ടി ചെയ്തത് എന്ത് കാര്യമാണെന്ന് ചോദിക്കാം. ഇത് കുട്ടിയില്‍ തന്നെ കൂടുതല്‍ ചിന്തയുണ്ടാക്കാനും അതുവഴി ഉള്‍ക്കാഴ്ച നേടാനും സഹായിക്കും.

രണ്ട്…

ആര്‍ക്കൊപ്പമെല്ലാമാണ് കുട്ടികള്‍ സ്കൂളില്‍ കൂട്ട് കൂടുന്നത്. ആരോടാണ് കൂടുതല്‍ ഇഷ്ടം,ആരോടാണ് ദേഷ്യം, ഇവയ്ക്കുള്ള കാരണങ്ങള്‍ എന്നിവ കുശലപ്രശ്നങ്ങള്‍ക്കിടെ ചോദിക്കാം. അതുപോലെ പുറത്തുപോകുന്നുവെങ്കില്‍ ആര്‍ക്കെല്ലാമൊപ്പമാണ് പോകാറ് എന്നും ദിവസത്തില്‍ പുതുതായി ആരെയെങ്കിലും പരിചയപ്പെട്ടോ എന്നുമുള്ള കാര്യങ്ങളും അന്വേഷിക്കണം.

മൂന്ന്…

പിന്മാറാതെയും മാറിനില്‍ക്കാതെയും ധൈര്യപൂര്‍വം ഒരു ദിവസത്തില്‍ കുട്ടി ചെയ്തത് എന്താണെന്ന് ചോദിക്കാം. ഇതെല്ലാം പതിയെ സംസാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം മതി. അഭിനന്ദിക്കേണ്ട കാര്യങ്ങള്‍ക്ക് അഭനന്ദനവും ഓര്‍മ്മപ്പെടുത്തല്‍ വേണ്ടയിടത്ത് അതും ചെയ്യാൻ ഇത് ഉപകരിക്കും.

നാല്…

കുട്ടികള്‍ ഭൂരിഭാഗം സമയവും സ്കൂളിലും കൂട്ടുകാര്‍ക്കുമൊപ്പമാണ് ചെലവിടുന്നത്. ഇവിടെ ഏതെങ്കിലുമൊരിടത്ത് വച്ച്- ആരില്‍ നിന്നെങ്കിലും മോശം അനുഭവമുണ്ടായോ എന്നതും പതിവായി മാതാപിതാക്കള്‍ അന്വേഷിക്കേണ്ട കാര്യമാണ്. ഇത് കുട്ടികള്‍ പൊതുവെ തുറന്ന് പറയാൻ മടിക്കുന്നതും എന്നാല്‍ ഏറെ പ്രാധാന്യമുള്ളതുമായൊരു പ്രശ്നമാണ്.

അഞ്ച്…

കുട്ടികള്‍ക്ക് അന്നേ ദിവസത്തില്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ കാര്യവും മാതാപിതാക്കള്‍ അറിയുന്നത് നല്ലതാണ്. അധികവും പഠനസംബന്ധമായ പ്രശ്നങ്ങളായിരിക്കും കുട്ടികളെ കുഴപ്പിക്കുക. അല്ലാത്ത പ്രശ്നങ്ങളായാലും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം.

ആറ്…

കുട്ടികള്‍ ക്ലാസില്‍ മുടങ്ങാതെ കയറുന്നുണ്ടോ, പഠനത്തില്‍ ശ്രദ്ധിക്കുന്നുണ്ടോ, അതോ കളി മാത്രമേയുള്ളൂ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം കുട്ടിയില്‍ നിന്ന് തന്നെ അറിയാൻ ശ്രമിക്കണം.

ഏഴ്…

എന്ത് കാര്യമാണ് ദിവസത്തില്‍ കുട്ടിയെ ഏറ്റവും വിഷമിപ്പിച്ചത് അല്ലെങ്കില്‍ നിരാശപ്പെടുത്തിയത് എന്നതും ചോദിച്ചറിയാം. സമാധാനിപ്പിക്കണമെങ്കിലോ പ്രോത്സാഹനം നല്‍കണമെങ്കിലോ അതിന് മടിക്കുകയും വേണ്ട.

എട്ട്…

ഓരോ ദിവസവും പ്ലാൻ ചെയ്യാൻ കുട്ടികളെ പരിശീലിപ്പിക്കുന്നത് നല്ലതാണ്. ഈ പ്ലാനിന് അനുസരിച്ച് എല്ലാം കൃത്യമായി ചെയ്യാൻ സാധിച്ചോ എന്നതും മാതാപിതാക്കള്‍ അന്വേഷിച്ചറിയേണ്ടതാണ്.

ഒമ്പത്…

ഒരു ദിവസത്തില്‍ സംഭവിച്ചതും അനുഭവിച്ചതുമായ ആകെ കാര്യങ്ങളില്‍ വേണ്ടായിരുന്നു- അല്ലെങ്കില്‍ സംഭവിക്കരുതായിരുന്നു എന്ന് കുട്ടി ചിന്തിക്കുകയോ ആഗ്രഹിക്കുകയോ ചെയ്ത കാര്യവും ഏതാണെന്ന് മനസിലാക്കുന്നത് നല്ലത്.

പത്ത്…

നാളെയെ കുറിച്ച്, ഭാവിയെ കുറിച്ച് കുട്ടി ഇന്ന് എന്ത് ചിന്തിക്കുന്നു- എന്ത് പ്രതീക്ഷിക്കുന്നു, എന്തിനെ ഭയപ്പെടുന്നു എന്നതെല്ലാം മനസിലാക്കി അതിന് അനുസരിച്ചുള്ള പിന്തുണയും അവര്‍ക്ക് നല്‍കാം.

വൈകീട്ട് കിടക്കുന്നതിന് മുമ്പ് തന്നെ മാതാപിതാക്കള്‍ കുട്ടികളുമായി അല്‍പസമയം ചെലവിട്ട് അവരോട് സംസാരിച്ച് – അവര്‍ക്ക് മാനസികപിന്തുണയും കരുതലും ഉറപ്പുവരുത്തുന്നത് എപ്പോഴും കുട്ടികളുടെ വ്യക്തിത്വം നല്ലരീതിയില്‍ രൂപപ്പെടാൻ സഹായിക്കാം. ഇത് അമ്മയ്ക്കും അച്ഛനും ചെയ്യാം. അല്ലെങ്കില്‍ സമയത്തിന് അനുസരിച്ച് മാറിമാറിയും ചെയ്യാം. കുട്ടികള്‍ക്ക് എപ്പോഴും മാതാപിതാക്കള്‍ അവരോട് ഒരുമിച്ച്- സന്തോഷത്തോടെയും പോസിറ്റീവ് ആയും സംസാരിക്കുന്നതിലാണ് താല്‍പര്യമുണ്ടാവുക. ഏത് വിഷയവും ഈ രീതിയില്‍ അവരോട് അവതരിപ്പിക്കാൻ പിന്നീട് മാതാപിതാക്കള്‍ക്ക് അവസരം ഉണ്ടായിവരും.

 

LEAVE A REPLY

Please enter your comment!
Please enter your name here