ഒരു കോടി നഷ്ടപരിഹാരം നല്‍കണം; 24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം; സ്വകാര്യ ചിത്രങ്ങള്‍ പങ്കിട്ടുള്ള രൂപ-രോഹിണി പോര് നിയമവഴിയില്‍

0
286

കര്‍ണാടകയിലെ വനിത ഐപിഎസ് ഐഎഎസ് ഉദ്യാഗസ്ഥരുടെ ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള പോര് നിയമവഴിയിലേക്ക്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഡി. രൂപക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രോഹിണി സിന്ദൂരി വക്കീല്‍ നോട്ടീസയച്ചു. വിഷയത്തില്‍ നിരാപാധികം മാപ്പ് പറയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെടിരിക്കുന്നത്. നോട്ടീസ് കിട്ടി 24 മണിക്കൂറിനിള്ളില്‍ മാപ്പ് പറയണമെന്നാണ് രോഹിണി സിന്ദൂരിയുടെ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. ഈ മാപ്പു പറച്ചില്‍ രൂപയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യണം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണം. നേരത്തെ രൂപ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും തനിക്കെതിരായ മറ്റു പോസ്റ്റുകളും ഡിലീറ്റ് ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു.

രൂപയുടെ പ്രസ്താവനകളും ആരോപണങ്ങളും ഞങ്ങളുടെ കക്ഷിക്ക് വലിയ മാനസിക സമ്മര്‍ദമാണ് സൃഷ്ടിച്ചത്. ആരോപണങ്ങള്‍ അവരുടെ സാമൂഹിക, വ്യക്തിജീവിതത്തിലെ പ്രതിച്ഛായക്ക് വലിയ കോട്ടമുണ്ടാക്കിയിട്ടുണ്ട്. ഞങ്ങളുടെ കക്ഷിക്കുണ്ടായ മാനഹാനി പണംകൊണ്ട് അളക്കാന്‍ കഴിയില്ലെങ്കിലും അത് പണത്തിലേക്ക് ചുരുക്കാന്‍ ഞങ്ങളുടെ കക്ഷി തീരുമാനിച്ചിരിക്കുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരമായി ഞങ്ങളുടെ കക്ഷിക്ക് നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥനാണെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നു.

ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചേരിപ്പോരില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. രണ്ടു പേരെയും സര്‍ക്കാര്‍ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയിരുന്നു. ഐ.എ.എസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ദൂരിയും ഐ.പി.എസ് ഉദ്യോഗസ്ഥയായ ഡി. രൂപയും തമ്മിലുള്ള സോഷ്യല്‍ മീഡിയ യുദ്ധം സര്‍ക്കാരിന് നാണക്കേട് ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. രോഹിണി സിന്ദൂരി ദേവസ്വം കമ്മീഷണറും ഡി. രൂപ കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറുമായിരുന്നു. ആരോപണ പ്രത്യാരോപണങ്ങളില്‍ കഴിഞ്ഞ ദിവസം ഇരുവരും ചീഫ് സെക്രട്ടറിയെ കണ്ട് പരസ്പരം പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇവര്‍ക്ക് സ്ഥലം മാറ്റം നല്‍കിയത്. എന്നാല്‍ പുതിയ പോസ്റ്റിങ്ങൊന്നും നല്‍കിയിട്ടില്ല.

ഇരുവരെയും വകുപ്പില്‍ നിന്ന് മാറ്റിയതായുള്ള അറിയിച്ച് ഇന്നലെ ഉച്ചക്കാണ് പുറത്തിറങ്ങിയത്. ഡി.രൂപയുടെ ഭര്‍ത്താവും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ മുനിഷ് മൗദ്ഗിലിനെ പബ്ലിസിറ്റി വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

വ്യക്തിപരമായ വിദ്വേഷം പൊതുയിടങ്ങളിലേക്ക് വലിച്ചിഴച്ച രണ്ടുപേര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരാഗ ജ്ഞാനേന്ദ്ര വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ രൂപ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. രോഹിണി ഏതാനും പുരുഷ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് വാട്സ് ആപ്പിലൂടെ അയച്ചുകൊടുത്ത ഫോട്ടോകളാണെന്ന് പറഞ്ഞാണ് രൂപ ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും താന്‍ സമൂഹമാധ്യമങ്ങളിലും വാട്സ് ആപ്പ് സ്റ്റാറ്റസായും പങ്കുവെച്ച ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടാണ് രൂപ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും ആര്‍ക്കാണ് ചിത്രങ്ങള്‍ അയച്ചുകൊടുത്തത് എന്ന കാര്യം പരസ്യമാക്കണമെന്നും രോഹിണി പ്രതികരിച്ചു. അതിനു പിന്നാലെയാണ് ഇരുവരും പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്. തുടര്‍ന്ന് ഇന്നലെയും ഇരുവരും തമ്മിലുള്ള സോഷ്യല്‍ മീഡിയ പോര് തുടര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here