സംസ്ഥാനത്ത് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് ഏഴ് ലക്ഷം ഫയലുകള്‍

0
181

തിരുവനന്തപുരം: സംസ്ഥാനത്ത് തീർപ്പാകാതെ ഏഴ് ലക്ഷത്തിലധികം ഫയലുകൾ കെട്ടിക്കിടക്കുന്നു. ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാക്കാനുള്ളത് തദ്ദേശ വകുപ്പിലാണ്. ഇവിടെ മാത്രം കെട്ടിക്കിടക്കുന്നത് രണ്ടര ലക്ഷത്തിലധികം ഫയലുകളാണ്.

‘ഓരോ ഫയലും ഓരോ ജീവിതമാണ്’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ കേട്ട് കോരിത്തരിക്കാത്ത മലയാളിയില്ല. പിന്നാലെ എത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞങ്ങൾ വലിയ പ്രതീക്ഷകൾക്ക് വക നൽകി. ചില ഗുണകരമായ ഫലങ്ങൾ ഉണ്ടാക്കിയെന്നതും യഥാർത്ഥ്യം. പക്ഷേ അങനെയൊന്നും സർക്കാർ തലത്തിലെ ചുവപ്പ് നാടകൾ വേഗത്തിൽ അഴിയില്ലെന്ന് ഫയലുകളും ജീവിതവും തമ്മിലുള്ള ഇടമുറിയാത്ത ബന്ധം മലയാളിയെ ഓർമ്മപ്പെടുത്തിയ മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു.

7,89, 623 ഫയലുകൾ സംസ്ഥാനത്ത് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്നാണ് മുഖ്യമന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചത്. 2022 മാർച്ച് 31 വരെ കെട്ടികിടന്നത് 17, 45, 294 ഫയലുകൾ. പലവട്ടം ഫയൽ തീർപ്പാക്കൽ യജ്ഞം നടത്തിയിട്ടും ഡിസംബർ 15 വരെയുള്ള കണക്ക് പ്രകാരം ഇതിൽ തീർപ്പാക്കാനായത് 9, 55, 671 ഫയലുകളാണ്. സെക്രട്ടേറിയേറ്റിൽ മാത്രം 93, 014 ഫയലുകൾ തീർപ്പാക്കാനുണ്ട്. തദ്ദേശസ്വയം ഭരണ വകുപ്പിൽ 2,51, 769 ഫയലുകൾ തീരുമാനം കാത്ത് കിടക്കുമ്പോൾ 1,73, 478 ഫയലുകൾ വനം വകുപ്പിലും കെട്ടിക്കിടക്കുന്നു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ആഭ്യന്തര വകുപ്പാണ് മൂന്നാം സ്ഥാനത്ത്. 44, 437 ഫയലുകളാണ് ആഭ്യന്തര വകുപ്പിൽ കെട്ടി കിടക്കുന്നത്. 41,007 ഫയലുകളാണ് വിദ്യാഭ്യാസ വകുപ്പിലും തീർപ്പ് കൽപ്പിക്കാനായി കാത്ത് കിടക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനം കെട്ടികിടന്ന ഫയലുകളിൽ 55 ശതമാനത്തിൽ മാത്രമാണ് ഇപ്പോഴും തീരുമാനം എടുത്തതെന്ന് എൻ.എ നെല്ലിക്കുന്നിന് നൽകിയ മുഖ്യമന്ത്രിയുടെ മറുപടിയിൽ നിന്ന് വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here